ദേശീയസമ്മതിദായക ദിനം ആചരിച്ചു
വോട്ട് രേഖപ്പെടുത്തുന്നത് വലിയൊരു ഉത്തരവാദിത്തമായി കണ്ട് വോട്ടവകാശം എല്ലാവരും കൃത്യമായി വിനിയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഇ.കെ.നായനാര്‍ സ്മാരക ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കാന്‍ എല്ലാവരും ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ജില്ലാ നോഡല്‍ ഓഫീസറായ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വോട്ട് വണ്ടിയുടെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര ഉപഹാരം നല്‍കി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറി. ചലച്ചിത്രനടന്‍ കൂടിയായ ഡി.വൈ.എസ്.പി സിബി തോമസ് മുഖ്യാതിഥിയായി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ് , ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം.മായ, തൃക്കരിപ്പൂര്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ ടി.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ ഭാഗ്യശ്രീ ദേവി സ്വാഗതവും ഇലക്ടറല്‍ ലിറ്ററസി കോര്‍ഡിനേറ്റര്‍ കെ.വി.ശ്രീജേഷ് നന്ദിയും പറഞ്ഞു. ഉമേഷ് ചെറുവത്തൂരിന്റെ മാജിക് ഷോയും അരങ്ങേറി.