സമൂഹത്തിലെ അസമത്വങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുന്നവരായി പുതുതലമുറ മാറണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിനോട് അനുബന്ധിച്ച് പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

പ്രതികരണ ശേഷിയുള്ള പുതുതലമുറയിലൂടെ സ്ത്രീകൾക്ക് നിയമം അനുശാസിക്കുന്ന പരിരക്ഷ ലഭ്യമാക്കാൻ സാധിക്കും. അതിന് നിയമ ബോധവൽക്കരണങ്ങൾ അനിവാര്യമാണ് . ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ചിന്ത ഓരോ സ്ത്രീയിലും വളർത്തിയെടുക്കണം.ഭരണഘടന അനുശാസിക്കുന്ന ലിംഗ നീതി കൈവരിക്കാൻ ലിംഗഭേദമെന്യേ വിപുലമായ കാമ്പയിൻ നടത്തണം.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും
സമൂഹത്തിൻ്റെ പൊതുബോധ നിർമിതിയിൽ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് വളർത്തിയെടുക്കുന്ന നിന്നും പൊതു സമൂഹത്തെ ആകെ സജ്ജമാക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന ലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷയായി. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, തൃശൂർ ലോ കോളജ് അധ്യാപിക ഡോ. സോണിയ, പഞ്ചായത്ത് സെക്രട്ടറി ഷീജ,സിഡിഎസ് ചെയർപേഴ്സൺ അനിത സുരേഷ്, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ എന്ന വിഷയം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോയ്നി ജേക്കബും ഗാര്‍ഹികാതിക്രമവും നിയമ പരിരക്ഷയും എന്ന വിഷയം അഡ്വ. ആശ ഉണ്ണിത്താനും അവതരിപ്പിച്ചു.