ചെങ്ങന്നൂരിലെ സ്വാത്ര്യസമര പ്രക്ഷോഭ ചരിത്രത്തിന് മാറ്റ് കൂട്ടി കുടിലിൽ ജോർജിന് സ്മാരകമുയർന്നതോടെ നാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സാംസ്കാരിക വകുപ്പാണ് സ്മാരകം യാഥാർത്ഥ്യമാക്കിയത്. ഗാന്ധിജി രണ്ടുതവണ സന്ദർശിക്കുകയും പെരുംകുളം പാടത്തും മിൽസ് മൈതാനത്തും യോഗങ്ങളിൽ സംസാരിക്കുകയും ചെയ്‌തു എന്നതുകൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിൽ ചെങ്ങന്നൂരിനുള്ള പ്രാധാന്യം മനസ്സിലാക്കാമെന്ന് സ്മാരകം നാടിന് സമർപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

നാട്ടുരാജ്യങ്ങളുടെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കുന്നതിനായി പ്രത്യേക രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച് ഉത്തരവാദിത്വ ഭരണത്തിനായി സമരം സംഘടിപ്പിക്കണമെന്ന നെഹ്‌റുവിൻ്റേയും സുഭാഷ് ചന്ദ്രബോസിൻ്റെയും ആഹ്വാനം അനുസരിച്ച്y തിരുവിതാംകൂറിൽ പട്ടം താണുപിള്ളയും ചെങ്ങന്നൂർകാരനായ എം.ആർ. മാധവവാര്യരും ഉൾപ്പെടെയുള്ള 11 അംഗ സമിതിയുടെ നേതൃത്വത്തിൽ രൂപീകൃതമായ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് ആസൂത്രണം ചെയ്‌ത ഉത്തരവാദിത്വ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ചെങ്ങന്നൂർ ലഹള അരങ്ങേറിയത്.

1938 സെപ്റ്റംബർ 18 മുതൽ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനപ്രകാരം നടത്തിയ സമസ്‌ത തിരുവിതാംകൂർ സ്‌കൂൾ സമരം ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയതോടെ പ്രക്ഷോഭകാരികൾ കൂടുതൽ ഊർജ്ജസ്വലരായി. പോലീസിന്റെ ശക്തമായ നടപടികൾ മൂലം സ്‌കൂൾ സമരം വിജയിക്കാതിരുന്ന ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്‌കൂളിന് മുന്നിൽ സെപ്റ്റംബർ 29 ന് സമരാനുകൂലികൾ പിക്കറ്റിങ് ആരംഭിച്ചു. പോലീസ് ലാത്തിച്ചാർജിനെ തുടർന്ന് ക്ഷുഭിതരായ ജനങ്ങൾ പോലീസിന് നേരെ കല്ലെറിഞ്ഞു.

തുടർന്ന് പുത്തൻകാവ് പരിസരത്ത് തമ്പടിച്ചിരുന്ന പട്ടാളം സമരത്തെ അടിച്ചമർത്തുവാൻ രംഗത്തിറങ്ങി. തുടർന്ന് ഉണ്ടായ വെടിവെപ്പിൽ കുടിലിൽ ജോർജ് എന്ന ധീര സമര സേനാനിക്ക് വെടിയേറ്റു. വെടിയേറ്റ് വീണ കുടിലിൽ ജോർജിനെ പോലീസ് എടുത്തുകൊണ്ടു പോയി. അദ്ദേഹത്തിൻ്റെ മൃതശരീരം പോലും പിന്നീട് നാട്ടുകാർക്കോ ബന്ധുക്കൾക്കോ വിട്ടു നൽകിയില്ല.
വെടിവെപ്പിൽ പരിക്കേറ്റ ജോർജിനെ പോലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും തെളിവ് നശിപ്പിക്കുവാനായി സർക്കാർ ഭൂമിയിൽ എവിടെയോ മൃതദേഹം സംസ്‌കരിച്ചുവെന്നുമാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുള്ളുതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

1938 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നു വരെ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളും പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നിരവധി ആൾക്കാർ ഈ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിൻ്റെ ഭാഗമായി തുറങ്കിലടക്കപ്പെട്ടു. ഭരണാനുകൂലികൾ ആയിരുന്ന ഉദ്യോഗസ്ഥർക്ക് വിരോധമുണ്ടായിരുന്ന പലരുടെയും പേരുകൾ അവർ പ്രതിപ്പട്ടികയിൽ എഴുതിച്ചേർത്തു. ആ വീടുകളിൽ പോലീസ് തേർവാഴ്‌ച നടത്തി.