കുടിലിൽ ജോർജ് സ്വാതന്ത്ര്യസമര സ്തൂപം മന്ത്രി നാടിന് സമർപ്പിച്ചു

കേരളത്തിലെ പ്രാദേശിക സ്വാതന്ത്ര്യസമരവീരരെ ഓർമിക്കാൻ സ്മാരകങ്ങൾ പണിയുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ എവിടെയെല്ലാം സ്വാതന്ത്ര്യസമര ജ്വാല ഉയർന്നിട്ടുണ്ടോ എവിടെയെല്ലാം അവ വിസ്മരിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം വീരസമര ചരിത്രം പറയുന്ന സ്മാരകങ്ങൾ പണിയും.

ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്തില്‍ (കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍) കുടിലിൽ ടി.എം. ജോർജിന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മക്കായി സാംസ്കാരിക വകുപ്പ് നിർമ്മിച്ച സ്വാതന്ത്ര്യസമര സ്തൂപം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലത്തും ആറ്റിങ്ങലും തിരുവനന്തപുരത്തും അതിൻ്റെ പണികൾ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കുടിലിൽ ജോർജിൻറെ പേരിൽ സ്തൂപം പണിയണമെന്നത് ചെങ്ങന്നൂരിൻ്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അത് യാഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ഏവരെയും മന്ത്രി ചടങ്ങിൽ സ്മരിച്ചു. സ്വാതന്ത്യസമര ചരിത്രത്തിൽ ചെങ്ങന്നൂരിന് വലിയ പ്രാധാന്യമാണുള്ളത്. ഗാന്ധിജി രണ്ടുതവണ സന്ദർശിക്കുകയും പെരുംകുളം പാടത്തും മിൽസ് മൈതാനത്തും യോഗങ്ങളിൽ സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. 1938 സെപ്റ്റംബർ 18 മുതൽ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനപ്രകാരം നടത്തിയ സമസ്‌ത തിരുവിതാംകൂർ സ്‌കൂൾ സമരം ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയതോടെ പ്രക്ഷോഭകാരികൾ കൂടുതൽ ഊർജ്ജസ്വലരായി.

പോലീസിന്റെ ശക്തമായ നടപടികൾക്കെതിരെ ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്‌കൂളിന് മുന്നിൽ സെപ്റ്റംബർ 29 ന് സമരാനുകൂലികൾ പിക്കറ്റിങ് ആരംഭിച്ചു. പോലീസിനുനേരെ തിരിഞ്ഞ സമരക്കാരെ നേരിടാൻ പുത്തൻകാവ് പരിസരത്ത് തമ്പടിച്ചിരുന്ന പട്ടാളം രംഗത്തിറങ്ങി. തുടർന്നുണ്ടായ വെടിവെപ്പിലാണ് കുടിലിൽ ജോർജ് എന്ന ധീര സമര സേനാനിക്ക് വെടിയേറ്റത്. വെടിയേറ്റ് വീണ കുടിലിൽ ജോർജിനെ പോലീസ് എടുത്തുകൊണ്ടു പോയി. അദ്ദേഹത്തിൻ്റെ മൃതശരീരം പോലും പിന്നീട് വിട്ടു നൽകിയില്ലെന്നും മന്ത്രി ഓർമിച്ചു.

ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ മാറ്റിപ്പണിയാനായി 11.5 കോടി രൂപ മാറ്റിവെച്ചതായി മന്ത്രി പറഞ്ഞു. ബസ് സ്റ്റേഷൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സ്റ്റേഷൻ പണികൾ പൂർത്തിയാക്കുമ്പോൾ കുടിലിൽ ജോർജ് സ്മാരകം വിപുലപ്പെടുത്തി സാംസ്കാരിക കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരം തന്നെ വിസ്മൃതിയിൽ ആയിക്കൊണ്ടിരിക്കുന്ന വേളയിൽ കുടിലിൽ ജോർജ് വിസ്മൃതിയിലായി കൂടായെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചുകൊണ്ട് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കുടിലിൽ ജോർജിനെ സ്മരിക്കാനും അദ്ദേഹത്തിനായി സ്മാരകം പണിയാനും മുൻകൈയ്യെടുത്ത സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ മന്ത്രി അഭിനന്ദിച്ചു. സ്തൂപം എന്നതിനപ്പുറം സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ചോര ചിന്തിയ കഥകൾ പറയുന്ന ഇടം ഉണ്ടാകുന്നു എന്നതും വരും തലമുറയ്ക്ക് മറക്കാനാവാത്ത തരത്തിൽ ഏവരുടെയും മുന്നിൽ ചരിത്രം ഉയർന്നുനിൽക്കുന്നു എന്നതും കുടിലിൽ ജോർജ് സ്മാരകത്തിൻ്റെ സവിശേഷമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചരിത്രത്തിൻ്റെ ഏടുകൾ വിസ്മരിക്കപ്പെട്ടുകൂട. സ്വാതന്ത്ര്യമെന്നാൽ ആരുടെയും ഔദാര്യമോ ഉപഹാരമോ അല്ല. അത് നമ്മുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

കുടിലിൽ ജോർജ് സ്മാരക ലോഗോ പ്രകാശനം കൊടിക്കുന്നില്‍ സുരേഷ് എം.പി. നിർവഹിച്ചു. ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭ ആക്ടിംഗ് ചെയർമാൻ മനീഷ് കിഴാമഠത്തിൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, കെ.സി.എം.എം.സി. ചെയര്‍മാന്‍ എം.എച്ച്. റഷീദ്, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, ആറന്മുള വാസ്തുവിദ്യാപീഠം സെക്രട്ടറി പി.എസ്. പ്രിയദർശൻ, മാർത്തോമ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ റവ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തിമഥിയോസ് മെത്രാപ്പോലീത്ത, എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനി സ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുനിൽ പരമേശ്വരൻ, കെ.പി.എം.സ്. യൂണിയൻ പ്രസിഡൻ്റ് കെ.കെ. പ്രസാദ്, വിശ്വകർമ്മ താലൂക്ക് യൂണിയൻ സെക്രട്ടറി എ.സി. രഘു, സാംബവ മഹാസഭ താലൂക്ക് യൂണിയൻ സെക്രട്ടറി രമണിക സന്തോഷ്, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രാജു മുളക്കുഴ മന്ത്രി സജി ചെറിയാൻ നിന്നും ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. നോര്‍ക്ക റൂട്ട്സിൻ്റെ സംസ്ഥാനത്തെ ആദ്യ റീജിയണൽ സബ് സെൻ്റർ ഓഫീസ് ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ചെങ്ങന്നൂരിൽ നിർവഹിച്ചു.

87 വർഷത്തിനുശേഷം സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും പൈതൃകവും പേറുന്ന ചെങ്ങന്നൂരിന്റെ മണ്ണിൽ സാംസ്കാരിക വകുപ്പിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് സമരസ്തൂപം സ്ഥാപിച്ചത്. ആറന്മുള വാസ്തുവിദ്യാപീഠമാണ് സ്മാരകം രൂപകല്പന ചെയ്തത്.