പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി അതിരപ്പള്ളി പഞ്ചായത്തിലെ അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലെ കണ്ടെത്തലുകൾ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.  യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. സംസ്ഥാനത്ത് ഒൻപതാമത്തെ യോഗമാണ് അതിരപ്പള്ളിയിൽ നടത്തിയത്.

അടിസ്ഥാന വിദ്യാഭ്യാസമില്ലായ്മയാണ് ഊരുകളിലെ ഏറ്റവും വലിയ പ്രശ്നം. സാമൂഹ്യ പഠനശാലകൾ സ്ഥാപിക്കേണ്ടതുണ്ട്. അനുവദിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എല്ലാ തസ്തികകളിലും ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. ഊരുകളിലെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഇടപെടുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ധ്യക്ഷ അറിയിച്ചു.

സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ഊര് നിവാസികള്‍ക്ക് ബോധവല്‍ക്കരണം ലഭ്യമായിട്ടില്ലെന്ന് കമ്മിഷന് ബോധ്യപ്പെട്ടു. ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ എന്നിവര്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ഊര് നിവാസികള്‍ക്ക് പരിചയപ്പെടുത്തി നല്‍കണം. പുകയിലയുടെ ഉപയോഗം വ്യാപകമായിട്ടുണ്ട്.

കുട്ടികളും ഗര്‍ഭിണികളും വരെ പുകയില ഉപയോഗിക്കുന്നു. മദ്യപാനവും ഈ മേഖലയില്‍ വ്യാപിച്ചിട്ടുണ്ട്. ക്ഷയ രോഗത്തിന്റെ സാന്നിധ്യം ഈ മേഖലയില്‍ കണ്ടിട്ടുണ്ട്. ക്ഷയരോഗത്തില്‍ നിന്നു മോചിതയായ ശേഷം ഗര്‍ഭിണിയായ സ്ത്രീയെ സന്ദര്‍ശിച്ചു. ഇവര്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയില്‍ പോകുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതായിട്ടുണ്ട്. അംഗന്‍വാടിയില്‍ കൃത്യമായി പോഷകാഹാരം വിതരണം ചെയ്യുന്നുണ്ടെന്ന് സന്ദര്‍ശിച്ച് ബോധ്യപ്പെട്ടു. കുട്ടികളെ അംഗന്‍വാടിയില്‍ എത്തിക്കാന്‍ മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി സര്‍ക്കാര്‍ നടത്തിയിട്ടുള്ള വലിയ ഇടപെടല്‍ പ്രയോജനപ്പെടുത്താനുള്ള തലത്തിലേക്ക് ഈ മേഖലയിലെ സഹോദരിമാര്‍ പൂര്‍ണമായി വന്നിട്ടില്ല. പ്ലസ്ടുവിനു ശേഷം ഈ മേഖലയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനു പോയിട്ടുള്ളവര്‍ വളരെ പരിമിതമാണ്. പെണ്‍കുട്ടികളെ എട്ട്, ഒന്‍പത് ക്ലാസുകള്‍ കഴിയുമ്പോള്‍ തന്നെ വിവാഹം കഴിച്ച് അയയ്ക്കുന്നു എന്ന സ്ഥിതിയുണ്ട്. പ്ലസ്ടു കഴിഞ്ഞാല്‍ തുടര്‍ വിദ്യാഭ്യാസത്തിനുള്ള സന്നദ്ധത ഉണ്ടാകുന്നില്ല.

ഊരില്‍നിന്ന് ആശുപത്രിയിലേക്ക് പോകുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് ആംബുലന്‍സ് സേവനം സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റ് പട്ടികവര്‍ഗ മേഖലയില്‍ ഉള്ളതു പോലെ ഇവിടെയുള്ളവര്‍ക്ക് ഭൂമിക്ക് കൈവശ അവകാശം ലഭിച്ചിട്ടില്ല.

സ്ത്രീകളുടെ നേർക്കുള്ള ചൂഷണങ്ങൾ, വിവേചനം എന്നിവ മനസ്സിലാക്കാനും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കാനുമാണ് ഊര് സന്ദർശിച്ച് നിവാസികളേയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരേയും കേൾക്കാൻ കമ്മീഷൻ തീരുമാനിച്ചത്. എക്സൈസ്, പോലീസ്, വനിതാ ശിശുക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, റവന്യൂ തുടങ്ങിയ വകുപ്പുകളുമായി കമ്മീഷൻ ആശയ വിനിമയം നടത്തി. പട്ടികവർഗ വിഭാഗ ക്ഷേമ പദ്ധതികളുടെ നിർവ്വഹണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടെത്തിയത് പരിഹരിക്കുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും അദ്ധ്യക്ഷ അറിയിച്ചു.

വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, അതിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍,  എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു.