പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ റവന്യൂ മന്ത്രി കെ രാജന്‍ അഭിവാദ്യം സ്വീകരിച്ചു. വര്‍ഗീയതയ്ക്കും ലഹരി ഉപയോഗത്തിനും സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കും എതിരായുള്ള യുദ്ധത്തിലെ പടയാളികളാണ് എസ് പി സി കേഡറ്റുകള്‍. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന തലമുറയായി വളരാന്‍ മാര്‍ഗദര്‍ശികളായി ഓരോ കേഡറ്റുകളും മാറണമെന്നും മന്ത്രി പറഞ്ഞു. പുത്തൂര്‍ സ്‌കൂളിലെ 11- മത് ബാച്ച് എസ് പി സി കേഡറ്റുകളുടെ പാസിങ് ഔട്ടില്‍ 41 പേര്‍ പങ്കെടുത്തു.

തൃശൂര്‍ സിറ്റി എസ് പി സി അഡിഷണല്‍ നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്‌പെക്ടര്‍ സി വി പ്രദീപ്, ദീര്‍ഘകാലം കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ച ബെന്നി ഐസക്, പാസിങ് ഔട്ട് പരേഡ് പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഎസ്‌ഐ എം സി ബിജു, 11-ാമത് ബാച്ചിന്റെ ഡ്രില്‍ പരിശീലകനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ ബി ജയന്‍, പുതിയ പരിശീലകനായി ചുമതലയേറ്റ സിപിഒ ജോഷി സി ജോസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

പരേഡ് കമാന്‍ഡര്‍മാരായ പുഗള്‍ പരശുറാം, ശ്രീദേവിക സുനില്‍കുമാര്‍, പ്ലറ്റൂണ്‍ കമാന്‍ഡര്‍മാരായ ദേവിക ബിജു, തോമസ് എയ്ദന്‍ ജയ്‌കോ തുടങ്ങിയവരെയും 2023 അധ്യയന വര്‍ഷം എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ എസ്പിസി കേഡറ്റുകളെയും ചടങ്ങില്‍ അനുമോദിച്ചു. പുത്തൂര്‍ സ്‌കൂളിലെ എസ് പി സി ചുമതലക്കാരായ ദീപാ രവി, സുമിനി കെ വി തുടങ്ങിയവരും സന്നിഹിതരായി.