അധ്യായന വർഷത്തിൻ്റെ അവസാന വേളകളിൽ നടത്തുന്ന സെൻ്റ് ഓഫ് ചെലവ് കുറഞ്ഞ രീതിയിൽ നടത്തണമെന്നും അധ്യാപകർ അത് നടപ്പിലാക്കണമെന്നും ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ നിർദേശിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സെൻ്റ് ഓഫ് ചെലവ് എല്ലാ രക്ഷിതാക്കൾക്കും വഹിക്കാൻ കഴിയുന്ന ഒന്നാകണമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം എൽ.എയാണ് ആവശ്യപ്പെട്ടത്. യോഗത്തിൽ ഇതിനായി വേണ്ട നടപടി എടുക്കാൻ കലക്ടർ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.

ജില്ലാ വികസന സമിതി യോഗത്തിൻ്റെ സമയമായ എല്ലാ മാസത്തെയും അവസാന ശനിയാഴ്ച രാവിലെ ജനപ്രതിനിധികൾ പങ്കെടുക്കേണ്ട സർക്കാർ യോഗങ്ങൾ ഉദ്യോഗസ്ഥർ നിശ്ചയിക്കരുതെന്നും കെ.കെ.രാമചന്ദ്രൻ എം.എൽ.എ യുടെശ്രദ്ധ ക്ഷണിക്കലിന് ജില്ലാ കളക്ടർ നിർവ്വഹണ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. യോഗത്തിൽ കയ്പമംഗലം നിയോജക മണ്ഡലത്തിലെ ബ്ലാങ്ങാച്ചാൽ അറപ്പ തോടിൻ്റെ തീരത്ത് നിക്ഷേപിച്ച ചെളി നീക്കം ചെയ്തു തുടങ്ങിയതായും മണ്ഡലത്തിലെ സുനാമി വീടുകളുടെ ക്രമീകരണം വേഗത്തിലാക്കുമെന്നും ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ യ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി നൽകി.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ ഐസോലേഷൻ വാർഡിൽ വൈദ്യുതി, വെള്ളം എന്നിവയ്ക്ക് സ്ഥിരം സംവിധാനം ഒരുക്കണമെന്ന് യോഗത്തിൽ എൻ. കെ അക്ബർ എംഎൽഎ ആവശ്യപ്പെട്ടു. വൈദ്യുതിയ്ക്കായി കെ.എസ് ഇ ബി എസ്റ്റിമേസ്റ്റ് എടുത്തിട്ടുണ്ടെന്നും വെള്ളത്തിനായി ആശുപത്രിയിൽ ഉള്ള ടാങ്കിൽ നിന്നും കണക്ഷൻ എടുത്തിട്ടുണ്ടെന്നും ഐസോലേഷൻ വാർഡ് പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ഉതകുന്ന രീതിയിൽ സജ്ജമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഗുരുവായൂർ റെസ്റ്റ് ഹൗസ് മതിൽ നിർമ്മാണവുമായി നില നിൽക്കുന്ന പ്രശ്നം സംബന്ധിച്ച് ഈ മാസം ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം ചേരാനും അടുത്ത മാസത്തെ ജില്ലാ വികസന സമിതി യോഗത്തിന് മുമ്പ് നിർമ്മാണം ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു.

മണ്ഡലത്തിലെ സുനാമി കോളനിയിലെ അനധികൃത താമസക്കാരെ അടിയന്തിരമായി ഒഴിപ്പിക്കുന്നതും, ഒഴിഞ്ഞു കിടക്കുന്ന വീടുകൾ യോഗ്യരായവർക്ക് അനുവദിക്കുന്നതും വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷനിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന വിവിധ മുറികളുടെ അലോട്ട്മെൻ്റും വേഗത്തിലാക്കും. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ഡോക്ടർമാരെ നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു. പുന്നയൂർ പഞ്ചായത്ത് പൊതു ശ്മാശനം ക്രിമിറ്റോറിയമാക്കുന്നതിനുള്ള ഭൂമി തരംമാറ്റം അടിയന്തിരമായി മാറ്റി നൽകും. കടൽ ഭിത്തി നിർമ്മാണം ഉടനെ ആരംഭിക്കാനും തീരുമാനിച്ചു.

വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ അവണൂർ ഗ്രാമ പഞ്ചായത്തിലെ വരടിയം അംബേദ്കർ കോളനി, അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനി, എന്നിവിടങ്ങളിലെ അംബേദ്കർ പദ്ധതികൾക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകിയെന്നും അവണൂർ പഞ്ചായത്തിലെ ഇത്തിപ്പാറ (കവറപ്പാപ്പ) കോളനി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യെ അറിയിച്ചു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ പ്രതിനിധി പ്രസാദ് പാറേരി ആവശ്യപ്പെട്ട ഒല്ലൂർ നിയോജക മണ്ഡലത്തിൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ അംബേദ്കർ വികസന പദ്ധതി വിഷയത്തിൽ അടുത്ത ജില്ലാ വികസന സമിതി യോഗത്തിന് മുമ്പ് റീ ടെണ്ടർ നടപടികൾ പൂർത്തികരിക്കാൻ തീരുമാനിച്ചു.

ദേശീയ പാത നിർമ്മാണത്തിൽ കൊടുങ്ങല്ലൂർ ഭാഗത്ത് അടിപ്പാത വേണമെന്ന് ബെന്നി ബഹനാൻ എം പി യുടെ പ്രതിനിധി ടി എം നാസറിൻ്റെ ആവശ്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം എൽ എ മാരായ എൻ. കെ അക്ബർ, ഇ.ടി ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , രമ്യ ഹരിദാസ് എം.പി യുടെ പ്രതിനിധി കെ.കെ അജിത്ത് കുമാർ, ബെന്നി ബെഹനാൻ എം.പി യുടെ പ്രതിനിധി ടി എം നാസർ, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ പ്രതിനിധി പ്രസാദ് പാറേരി, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ്റെ പ്രതിനിധി, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റൻ്റ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.