പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. 10 ലക്ഷത്തിലധികം പേരാണ് സ്വകാര്യ വിദ്യാലയത്തിൽ നിന്നും പൊതു വിദ്യാലയത്തിൽ ചേർന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ നൽകിയ പുല്ലങ്കോട് സ്‌കൂളിന്റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ സഫലമായത്.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമ്മു അധ്യക്ഷത വഹിച്ചു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി സിറാജ്, വൈസ് പ്രസിഡന്റ് ശ്രീകല ജനാർദനൻ, സ്ഥിരം സമിതി അധ്യക്ഷൻ അറക്കൽ സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ സൈനുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗം ഉമൈബ സുധീർ, പ്രിൻസിപ്പൽ എസ് നിഷ, പ്രധാനധ്യാപിക സുജ തോമസ്, പി.ടി.എ പ്രസിഡന്റ് ടി.പി ജാഫർ എന്നിവർ സംസാരിച്ചു.