കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന്  യോഗത്തില്‍ ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ടി വരുന്നതും തുടര്‍ന്ന് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ടും ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ധാരണയിലെത്തണം. റോഡ് കട്ടിങ് അനുമതിക്കുള്ള അപേക്ഷകളില്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കണം. ഇരു വകുപ്പുകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമുണ്ടെങ്കിലേ സമയബന്ധിതമായി വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവൂ എന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ജില്ലയില്‍ വര്‍ധിച്ചു വരുന്ന  മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി പരമാവധി കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ഫയര്‍ ഫോഴ്സ്, പൊലീസ് വകുപ്പുകളോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനിടെ നാലു കുട്ടികളാണ് ജില്ലയില്‍ ജലാശയങ്ങളില്‍ വീണ് മരണപ്പെട്ടത്. ജില്ലയിലെ എല്ലാ കുട്ടികളെയും നിന്തല്‍ പഠിപ്പിക്കുന്നതിലൂടെയും ബോധവത്കരണങ്ങളിലൂടെയും മുങ്ങിമരണങ്ങള്‍‌ ഇല്ലാതാക്കാനാവുമെന്നും കളക്ടര്‍ പറഞ്ഞു. റോഡ് വികസനം, കെട്ടിടം നിര്‍മാണം തുടങ്ങി വികസന പ്രവൃത്തികള്‍ നടക്കുന്നിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിന് അതത് വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണണെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നിടങ്ങള്‍ പൊതുജനത്തിന് പ്രവേശിക്കാന്‍ പറ്റാത്തവിധം അടച്ചും റോഡുകളില്‍ റിഫ്ലക്ടീവ് ടാപ്പുകള്‍ ഒട്ടിച്ചും സുരക്ഷ ഉറപ്പാക്കണം.
കൊണ്ടോട്ടി- എടവണ്ണപ്പാറ റോഡ് രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും സര്‍വ്വേ ഉടന്‍ ആരംഭിക്കുമെന്നും ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പൊന്നാനി സിവില്‍ സ്റ്റേഷനില്‍ നിര്‍മിക്കുന്ന അനക്സ് കെട്ടിടത്തിന്റെ നിര്‍മാണം വേഗത്തിലാക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പി. നന്ദകുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മൂക്കുതല പി.എസി.എന്‍.ജി.എച്ച്.എസ് സ്തൂള്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഫെബ്രുവരി 15 ഓടെ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
ദേശീയപാത 66 നവീകരണത്തിന്റെ ഭാഗമായി ചേളാരി മുതല്‍ തലപ്പാറ വരെയുള്ള ഭാഗങ്ങളില്‍  നിര്‍മിക്കുന്ന ബസ് സ്റ്റോപ്പുകള്‍ നിലവിലുള്ള സ്ഥലങ്ങളും നിന്നും മാറി അശാസ്ത്രീയമായാണ് നിര്‍മിക്കുന്നതെന്ന് പി.അബ്ദുല്‍ഹമീദ് എം.എല്‍.എ പറഞ്ഞു.  ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്തുകളുടെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേര്‍ത്ത് തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളില്‍ പകല്‍സമയത്ത് മോഷണം വര്‍ധിക്കുകയാണെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വിവിധ നിയമലംഘനങ്ങള്‍ക്ക് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും സിവില്‍സ്റ്റേഷനുകളിലുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ഇവ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിനുള്ള കെട്ടിട നിര്‍മാണം മലപ്പുറം കോട്ടപ്പടിയിലെ വിദ്യാഭ്യാസ ഉപഡ‍യറക്ടര്‍ ഓഫീസ് പരിസരത്ത് ഉടന്‍ തന്നെ ആരംഭിക്കണം. മൊറയൂര്‍- അരിമ്പ്ര- പൂക്കോട്ടൂര്‍ റോഡ് നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടത്തിന്റെയും ലിഫ്റ്റിന്റെയും നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. രാങ്ങാട്ടൂര്‍ പള്ളിപ്പടി പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ജല്‍ ജീവന്‍ മിഷന്‍ എക്സി. എഞ്ചിനീയര്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു.
ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, പി. നന്ദകുമാര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ തുടങ്ങിയവര്‍ പങ്കെടുത്തു.