ഗാര്‍ഹിക പീഡനത്തിനെതിരേ ഗ്രാമപഞ്ചായത്ത്തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരേ ബോധവത്ക്കരണം ശക്തമാക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

കുടുംബ പ്രശ്‌നം, ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണയ്ക്ക് എത്തിയവയില്‍ കൂടുതലും. ജില്ലാതല അദാലത്തില്‍ ആകെ 29 പരാതികളാണ് പരിഗണിച്ചത്. മൂന്നു പരാതികള്‍ തീര്‍പ്പാക്കി. 24 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ടു പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. മറ്റു കേസുകളില്‍ കൗണ്‍സിലിംഗിനും നിര്‍ദേശിച്ചു. അഡ്വ. മിനി മാത്യൂസ്, ഡബ്ല്യു.പി.ഒ ഇന്‍ ചാര്‍ജ് എം. ജീജ, കൗണ്‍സിലര്‍ റിയ റോസ് മേരി എന്നിവര്‍ പങ്കെടുത്തു.