സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണം പൂർത്തിയാകുമ്പോൾ നഗരത്തിന്റെ മുഖച്ഛായ മാറും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ നവീകരിക്കുന്ന റോഡുകളുടെ പണി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായതിന്റെ മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവന്‍ മുഗളിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുടവന്‍മുഗള്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴര വർഷം കൊണ്ട് തിരുവനന്തപുരം നഗരത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് രംഗത്ത് നടന്നുവരുന്നത്. അതിൽ പ്രധാനമാണ് സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണം. പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻപുണ്ടായിരുന്ന കരാറുകാരന്റെ നിസ്സഹകരണം തടസ്സമായിരുന്നു. തുടർന്ന് ഈ കരാറുകാരനെ സർക്കാർ പിരിച്ചു വിട്ടു. എല്ലാ റോഡുകളും ഒരുമിച്ച് ഒറ്റ കരാർ നൽകാതെ കരാറുകൾ വിഭജിച്ചു നൽകിയതോടെ പണി ഇപ്പോൾ ഭംഗിയായി നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേമം മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മുടവൻ മുഗൾ പാലത്തിൻ്റെ നിർമ്മാണ പുരോഗതി തന്റെ ഓഫീസ് നേരിട്ട് വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
നേമം മണ്ഡലത്തിലെ എസ്റ്റേറ്റ് വാർഡിലെ സത്യൻ നഗറിലാണ് പാലം നിർമിക്കുന്നത്. മുടവന്‍മുഗള്‍ ഭാഗത്ത് കരമന നദിക്ക് കുറുകെ പാലം നിര്‍മിക്കുകയെന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. തുടര്‍ന്നാണ് 13.6 കോടി രൂപ ചെലവിട്ട് പാലം നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. ഇതിനായി 2.25 കോടി രൂപ നഷ്ടപരിഹാരം നല്‍കി 18 പേരില്‍ നിന്നും ഭൂമിയും ഏറ്റെടുത്തു.
11 മീറ്റര്‍ വീതിയില്‍ 7.5 മീറ്റര്‍ വാഹന പാതയും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെയാണ് പാലം നിര്‍മ്മിക്കുന്നത്. 230 മീറ്ററില്‍ അപ്രോച് റോഡും നിര്‍മിക്കും. പാലം പൂര്‍ത്തിയാകുന്നതോടെ പൂജപ്പുര മുടവന്‍മുകള്‍ ഭാഗത്തുനിന്നും പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, മലമേല്‍ക്കുന്ന് ഭാഗത്തേക്കും തിരിച്ചും വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വികസന കുതിപ്പ് നേമം മണ്ഡലത്തിലൂടെ ദൃശ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ മുഖ്യാതിഥിയായി. മേയര്‍ ആര്യാ രാജേന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, മറ്റു തദ്ദേശസ്വയംഭരണ പ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.