എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ലൈബ്രറി സോഫ്റ്റ്വെയര്‍, സോഫ്റ്റ്വെയര്‍ പരിശീലന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രന്ഥശാലകള്‍ക്ക് സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനമാണുള്ളത്. സാക്ഷരതാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി സാമൂഹിക മാറ്റത്തിനും വൈജ്ഞാനിക സമൂഹത്തിന്റെ മുന്നേറ്റത്തിനും ലൈബ്രറികള്‍ സ്വാധീനിച്ചു. ചരിത്രം തിരുത്തി എഴുതപ്പെടുന്ന കാലത്ത് ലൈബ്രറികളുടെ ഉത്തരവാദിത്തങ്ങള്‍ വലുതാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഡിജിറ്റലൈസേഷന്‍ നടപ്പാക്കി റെപ്പോസിറ്ററി സേവനങ്ങളും ലൈബ്രറികളില്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

ലൈബ്രറി പ്രസ്ഥാനത്തെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത വെബ് ആപ്ലിക്കേഷന്‍ ‘പബ്ലിക്’ ഒരുക്കിയത്. വെബ്‌സൈറ്റ് വഴി ഏതൊരാള്‍ക്കും പുസ്തകങ്ങള്‍ തിരഞ്ഞ് കണ്ടെത്താനും നെറ്റ് വര്‍ക്കിംഗ് വഴി എല്ലാ ലൈബ്രറികളെയും ഒരു കാറ്റലോഗിന് കീഴില്‍ കൊണ്ടുവരാനും സാധിക്കും. സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനൊപ്പം അടുത്ത ഘട്ടങ്ങളില്‍ ലൈബ്രറികളെ കമ്മ്യൂണിറ്റി സെന്ററുകള്‍, കമ്മ്യൂണിറ്റി റേഡിയോ, ലൈബ്രറി വിക്കി, കോ വര്‍ക്കിംഗ് സ്‌പേസ് ബുക്കിങ് സേവനങ്ങളും ഉറപ്പാക്കും.

പബ്ലിക് സോഫ്റ്റ്വെയറിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചു വരെ കിലയില്‍ നടക്കുകയാണ്. ഗ്രാന്റ് നല്‍കുന്ന 7200 ലൈബ്രറികളില്‍ 4400 ലൈബ്രറികളില്‍ കമ്പ്യൂട്ടര്‍ സേവനമുണ്ട്. എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതിനായി എം എല്‍ എ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, സി എസ് ആര്‍ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

മുളങ്കുന്നത്തുകാവ് കിലയില്‍ നടന്ന പരിപാടിയില്‍ മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു, വൈസ് പ്രസിഡന്റ് എ പി ജയന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തങ്കം തുടങ്ങിയവര്‍ പങ്കെടുത്തു.