ജില്ലയില്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ നവകേരള സദസ്സിനോടനുബന്ധിച്ച് ലഭിച്ച നിവേദനങ്ങളില്‍ 66.35 ശതമാനത്തിന് മറുപടി നല്‍കിയതായി ജില്ലാ കലക്ടര്‍ വി.ആർ.കൃഷ്ണ തേജ അറിയിച്ചു. നിവേദനങ്ങള്‍ തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലയുടെ ചാര്‍ജ് ഓഫീസറും റവന്യൂ അഡീഷണല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്വാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുരോഗതി വിലയിരുത്തി. ജില്ലയില്‍ 13 നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 55647 അപേക്ഷകളാണ് ലഭിച്ചത്. 18721 എണ്ണമാണ് തീർപ്പാക്കലിൻ്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളത്. എല്ലാ നിവേദനങ്ങളിലും രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. എത്ര അപേക്ഷകളിലാണ് അനുകൂല, പ്രതികൂല മറുപടി നല്‍കിയെന്ന് വ്യക്തമാക്കണം. ഉയര്‍ന്ന തലത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടവ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കൈമാറണമെന്നും അവര്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ നിവേദനങ്ങള്‍ ലഭിച്ചത് എല്‍.എസ്.ജി.ഡി വകുപ്പിലാണ്. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളായിരുന്നു ഏറെയും. 91 ശതമാനത്തിലും മറുപടി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സഹകരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, പൊതുവിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, പി.ഡബ്ല്യൂ.ഡി, ആര്‍.ടി.ഒ, കെ.എസ്.ഇ.ബി, സാമൂഹികനീതി, തൊഴില്‍, കൃഷി, പട്ടികജാതി- പട്ടികവര്‍ഗം, വാട്ടര്‍ അതോറിറ്റി തുടങ്ങി എല്ലാ വകുപ്പികളുടെയും പുരോഗതി വിലയിരുത്തി.

വിവിധ ആനുകൂല്യങ്ങള്‍, റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുക, നിയമനങ്ങള്‍, പെന്‍ഷന്‍, പ്രമോഷന്‍, യു.ഡി ഐ.ഡി കാര്‍ഡ് അനുവദിക്കല്‍, സിവില്‍ കേസുകള്‍, കരാറുക്കാരുടെ തുക അനുവദിക്കല്‍, ബസ് റൂട്ട് അനുവദിക്കൽ, സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിത യാത്ര, ഭിന്നശേഷിക്കാരുടെ സ്ഥിരനിയമനം, കൈയേറ്റം ഒഴിപ്പിക്കല്‍, ക്ഷേമപെന്‍ഷന്‍, ചികിത്സാ സഹായം, കുടിവെള്ള പ്രശ്‌നം, പുതിയ കണക്ഷന്‍ അനുവദിക്കല്‍, നഷ്ടപരിഹാരം, മത്സ്യമാര്‍ക്കറ്റ് നവീകരണം, ടൂറിസം വികസനം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്വയംതൊഴില്‍ അവസരം, വിവിധ ക്ഷേമനിധി ആനുകൂല്യങ്ങള്‍, ഓണ്‍ലൈന്‍ ലോട്ടറി, ഭൂമിതരം മാറ്റല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പരാതികള്‍ക്കാണ് മറുപടി നല്‍കിയത്.

കളക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സബ് കല്കടര്‍ മുഹമ്മദ് ഷെഫീക്ക്, എ.ഡി.എം ടി മുരളി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.