– ഫെസ്റ്റ് ഫെബ്രുവരി 17, 18,19 തീയതികളില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് വര്‍ണ്ണപ്പകിട്ട് വര്‍ണാഭമാക്കാന്‍ ഒരുങ്ങി സാമൂഹ്യനീതി വകുപ്പ്. ഫെബ്രുവരി 17,18,19 തീയതികളിലായി നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിനോട് അനുബന്ധമായ സംഘാടകസമിതി യോഗം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

ആയിരത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഫെസ്റ്റിന് ആദ്യമായാണ് തൃശൂര്‍ ആതിഥേയത്വം വഹിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പങ്കെടുക്കുന്ന എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിഭകള്‍ക്കും ക്യാഷ് അവാര്‍ഡും മൊമന്റോയും സമ്മാനിക്കുമെന്ന് അധ്യക്ഷയായി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. വിദ്യാര്‍ഥി കോര്‍ണറില്‍ നിന്നും ആരംഭിച്ച് തെക്കേഗോപുര നടയില്‍ അവസാനിക്കുന്ന വര്‍ണശബളമായ ഘോഷയാത്ര ഉദ്ഘാടന പരിപാടിയോട് അനുബന്ധമായി നടക്കും. സൗജന്യ താമസസൗകര്യവും ആഹാരവും യാത്രാനുകൂല്യങ്ങളും പ്രതിഭകള്‍ക്ക് നല്‍കും. ടൗണ്‍ ഹാള്‍, എഴുത്തച്ഛന്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രതിഭകള്‍ തയ്യാറാക്കി കൊണ്ടുവരുന്ന രചനകള്‍, വിവിധ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക സ്റ്റാളും ക്രമീകരിക്കും.

സംഘാടകസമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, സോഷ്യല്‍ ജസ്റ്റിസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ ടി അഷറഫ്, അസിസ്റ്റന്റ് ഡയറക്ടര്‍, ഹരീഷ് ജെയിന്‍ ഐ പി എസ്, ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ വിജയരാജമല്ലിക, സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ തലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്കാണ് വര്‍ണപ്പകിട്ടില്‍ മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കുക. 2019-ലാണ് ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവമായി ആരംഭിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായി ട്രാന്‍സ് വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തില്‍ ഇവരുടെ ദൃശ്യത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മുന്നേറ്റം.