മാതൃ-ശിശു സംരക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

പുല്‍പ്പള്ളി ചീയമ്പം 73 ലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകാപരമാണെന്നും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യ പരിപാലനത്തിന് ഇടമാകുമെന്നും രജിസ്ട്രേഷന്‍- മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച ‘ജീവസ്സ്’ മാതൃശിശു സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പരിപാലന രംഗത്ത് കേരളം ഏറെ മുന്നിലാണെന്നും വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജാതി, മത, വ്യത്യാസമില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രത്തില്‍ വിവിധ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

നീതി ആയോഗ് ആസ്പിരേഷന്‍ ഫണ്ടിലുള്‍പ്പെടുത്തി 38,4000 രൂപ ചെലവിലാണ് ജില്ലാ നിര്‍മ്മിതി കേന്ദ്ര മാതൃ-ശിശു സംരക്ഷണ കേന്ദ്രം നിര്‍മ്മിച്ചത്. അറ്റാച്ച് ശുചിമുറി സംവിധാനത്തോടെയുള്ള ജെ.എച്ച്.ഐ റും, പോസ്റ്റ് ലേബര്‍ റൂം, കണ്‍സള്‍ട്ടേഷന്‍ റും, അടുക്കള, വരാന്ത ഹാള്‍ എന്നിവയാണ് കേന്ദ്രത്തിലുള്ളത്. ചുറ്റുമതില്‍, ഇന്റര്‍ ലോക്ക്, കുഴല്‍ കിണര്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.

പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കൈലേഷ് സത്യാലയം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി സുരേന്ദ്രന്‍, കെ.ജെ സണ്ണി, വാര്‍ഡ് അംഗം എം.വി രാജന്‍, ഡി.എം.ഒ ഡോ.പി ദിനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, മാതൃ-ശിശു സംരക്ഷണ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എ.പി സിത്താര, പൂതാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, ജനപ്രധിനിതികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.