സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരിച്ചു
*പട്ടയം നൽകാൻ 3868 പേരുടെ പട്ടിക തയ്യാറാക്കി
ഭൂമി കൈവശമുള്ളവർക്ക് മാത്രമല്ല കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഫെബ്രുവരി 22 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പട്ടയമേളയിൽ ജില്ലയിലെ 3868 പേർക്ക് പട്ടയം നൽകും. സംസ്ഥാനതല പട്ടയമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂരിലെ സംസ്ഥാന തല പട്ടയമേള ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഒരേ സമയം പട്ടയങ്ങൾ വിതരണം ചെയ്യും. എല്ലാവർക്കും ഭൂമി ഉറപ്പാക്കുന്ന ശ്രദ്ധേയമായ നടപടിക്രമങ്ങളിലേക്ക് റവന്യൂ വകുപ്പ് കടക്കുക്കുകയാണ്. രണ്ടര വർഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചു. ഭൂരഹിതരിതില്ലാത്ത കേരളം എന്ന സ്വപ്നം വിദൂരമല്ല.
മലയോര മേഖലയിലെ പട്ടയങ്ങൾക്ക് വേണ്ടി ലഭ്യമായ എല്ലാ ഭൂമിയും നൽകാനുള്ള നടപടികൾ സ്വീകരിച്ചു. വനഭൂമി പട്ടയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫെബ്രുവരി ഏഴിന് മന്ത്രി എ കെ ശശീന്ദ്രനൊപ്പം കേന്ദ്ര സർക്കാരിൻ്റെ വനം വകുപ്പ് കാബിനറ്റ് മന്ത്രിയെയും സഹമന്ത്രിയെയും കാണാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പരിവേഷ് പോർട്ടലിൽ നൽകിയ അപേക്ഷകൾ അതിവേഗം തീർപ്പാക്കാനും കേരളത്തിന് പുതിയതായി അപേക്ഷകൾ സമർപ്പിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൻ്റെ അനുമതി ആവശ്യമായ ജില്ലയിലെ മലയോര മേഖലയിലെ ഭൂമി, റവന്യൂ, സർവ്വേ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവ്വേ പൂർത്തീകരിച്ച് പരിവേഷ് പോർട്ടലിൽ അയക്കാൻ കഴിയും വിധം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
തൃശൂർ തേക്കിൻകാടിൽ നടക്കുന്ന സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി ചെയർമാൻ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ആയിരിക്കും. പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക വിഭാഗം ക്ഷേമ വികസനം, ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ രക്ഷാധികാരികളാവും. ടി എൻ പ്രതാപൻ എംപി, എംഎൽഎമാരായ പി ബാലചന്ദ്രൻ, എ സി മൊയ്തീൻ, എൻ കെ അക്ബർ, ഇ ടി ടൈസൻ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, വി ആർ സുനിൽകുമാർ, മുരളി പെരുനെല്ലി, സനീഷ് കുമാർ ജോസഫ്, കെ കെ രാമചന്ദ്രൻ, സി സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് പ്രിൻസ്, മേയർ എം കെ വർഗ്ഗീസ് എന്നിവർ വൈസ് ചെയർമാന്മാരായി പ്രവർത്തിക്കും. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ, ജനപ്രതിധികൾ തുടങ്ങിയവരും സംഘാടക സമിതി അംഗങ്ങളാവും.
യോഗത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അദ്ധ്യക്ഷനായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷൻ സെക്രട്ടറിയുമായ കെ ആർ രവി, എഡിഎം ടി മുരളി, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.