യാതൊരുവിധ മുൻവിധികളും അതിരുകളും കൂടാതെ സ്ത്രീകൾക്ക് സംസാരിക്കാനും, ഉല്ലസിക്കാനും, ചർച്ചചെയ്യാനും, വിമർശിക്കാനും, വിമർശിക്കപ്പെടാനും, സ്വയം നവീകരിക്കാനും, കഴിവുകൾ പ്രകടിപ്പിക്കാനും വേണ്ടി സ്വതന്ത്രമായ വേദിയൊരുക്കി ജെൻഡർ പാർക്ക്. ചിന്തകളുടെ വിത്ത് പാകി ആശയങ്ങൾ വളർത്താൻ നിലമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജെൻഡർ പാർക്കിൻ്റെ നേതൃത്വത്തിൽ ‘ആർപ്പോ’ വരയും വരിയും പിന്നല്പം മൊഹബത്തും’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
‘ആർപ്പോ’ എന്ന പേരിൽ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ജെൻഡർ പാർക്കിൽ ഇത്തരത്തിൽ ഒത്തുകൂടൽ നടക്കും. ‘പൊതുയിടങ്ങളിലെ സ്ത്രീ’ എന്ന വിഷയത്തിലൂന്നിയാണ് ആർപ്പോയുടെ ആദ്യ പതിപ്പ് നടന്നത്. മനുഷ്യർ അവരുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇടപഴകുന്ന ചുറ്റുപാടുകളെയാണ് ഇവിടെ പൊതുയിടം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ഇടത്തിനകത്ത് ഓരോരുത്തരും കൈകാര്യം ചെയ്യുന്ന ലിംഗ പദവികൾ, മാനദണ്ഡങ്ങൾ, വിശ്വാസങ്ങൾ, മൂല്യങ്ങൾ, ആചാരങ്ങൾ, അസമത്വങ്ങൾ തുടങ്ങിയവ എങ്ങനെയാണ് മനുഷ്യ ബന്ധങ്ങളിൽ പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കുകയും ഈ വസ്തുത വിശകലനം ചെയ്ത് അതിനെ മറികടക്കാനായി സ്വന്തമായി ഒരിടം രൂപീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുയിടങ്ങൾ ജനകീയമാക്കുന്നതിന് മുന്നോടിയായാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. വിവിധ തരം സംരംഭങ്ങൾ തുടങ്ങിയവർക്കും, തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സ്റ്റാളുകളിടാനുള്ള സൗകര്യം ഇവിടെ ലഭ്യമായിരിക്കും. ഈ കൂട്ടായ്മയിലേക്ക് എത്തിച്ചേരുന്ന സ്ത്രീകളുടെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക പശ്ചാത്തലം മനസ്സിലാക്കി പഠനവിധേയമാക്കാൻ സാധിക്കുന്നതിനൊപ്പം അവർക്ക് ആവശ്യമെങ്കിൽ സഹായം ലഭ്യമാക്കാനും കൂട്ടായ്മക്ക് സാധിക്കും. കേവലം ഒരു ജനവിഭാഗം എന്നതിനപ്പുറം എല്ലാ ന്യൂനപക്ഷങ്ങളേയും കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നതിലൂടെ ജെൻഡർ ഇൻക്ലൂസിവായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുന്നു.
പരിപാടിയുടെ ആദ്യ പതിപ്പിൻ്റെ ഭാഗമായി എഴുത്തും കുത്തും,വരയും കുറിയും ,ആട്ടം , എന്നീ പേരുകളിൽ ക്യാമ്പസിൻ്റെ വിവിധ ഭാഗങ്ങളിൽ സെഷനുകൾ നടന്നു. സാഹിത്യത്തിലും, എഴുത്തിലും, വായനയിലും താൽപര്യമുള്ള സ്ത്രീകൾക്ക് വേണ്ടി അതിൻ്റെ പ്രാധാന്യത്തെ കുറിച്ചും, രീതികളെ കുറിച്ചും ചർച്ച ചെയ്യാൻ ‘എഴുത്തും കുത്തും’ എന്ന പേരിൽ പ്രശസ്ത എഴുത്തുകാരി ആര്യ ഗോപിയുടെ നേതൃത്വത്തിൽ സെഷൻ സംഘടിപ്പിച്ചു.
‘വരയും കുറിയും’ സെഷന് പ്രശസ്ത ചിത്രകാരികളായ അമ്പിളി വിജയൻ, മജിനി തിരുവങ്ങൂർ എന്നിവർ നേതൃത്വം നൽകി. ആട്ടം’ എന്ന പേരിൽ നാടക പ്രവർത്തക ശ്രീജ അറങ്ങോട്ടുകര നേതൃത്വം നൽകിയ തിയേറ്റർ സെഷനിൽ നാടകാഭിരുചിയുള്ള സ്ത്രീകൾ ഭാഗമായി. പരിപാടിയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യാനായി വർത്താനം എന്ന സെഷൻ സംഘടിപ്പിച്ചു. പൊടിപൂരത്തോടുകൂടി ആദ്യ പതിപ്പിലെ പരിപാടി അവസാനിച്ചു.