വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ ഒരുക്കിയ’ആർപ്പോ: വരയും വരിയും പിന്നല്പം മൊഹബത്തും’ സ്ത്രീകൾക്ക് വേണ്ടിയുള്ള സ്വപ്ന വേദിയാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാ-ശിശു വികസന വകുപ്പിൻ്റെയും ജെൻഡർ പാർക്കിൻ്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് വെള്ളിമാട്‌കുന്ന് ജെൻഡർ പാർക്കിൽ ഒരുക്കിയ’ആർപ്പോ: വരയും വരിയും പിന്നല്പം മൊഹബത്തും’ എന്ന പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകൾക്ക് ഒരു പരിധിയുമില്ലാതെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും പങ്കുവയ്ക്കാനാകും. ജെൻഡർ പാർക്കിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളൊരു വേദി കൂടിയാണിത്. പലതരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കാരണം പുറത്തേക്ക് പറയാൻ കഴിയാത്ത ഒരുപാട് ആശയങ്ങൾ ഉണ്ടാകാം. പുറത്ത് പറയാൻ കഴിയാത്ത കാര്യങ്ങളോ ആശയമോ ഭരണകൂടങ്ങളെ അറിയിക്കേണ്ട അഭിപ്രായമോ ആകട്ടെ. അതെല്ലാം പങ്കുവയ്ക്കാനാകും. സ്വാതന്ത്ര്യത്തിന്റെ ഇടത്തേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് ഒത്തുകൂടാനും ഉല്ലസിക്കുവാനുമായി എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ജെൻഡർ പാർക്കിൽ വെച്ച് തന്നെ ഈ പരിപാടി നടക്കും. കലാ-സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം എന്ന് തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യാവുന്നതാണ്. നവകേരളം എന്നത് സ്ത്രീപക്ഷ നിലപാടുകൾക്കും ചിന്തകൾക്കും പ്രാധാന്യം കൽപ്പിക്കുന്നതായിരിക്കണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വനിത ശിശു വികസന വകുപ്പ് ഡയറക്ടറും ജെൻഡർ പാർക്ക് ഡയറക്ടറുമായ ഹരിത വി കുമാർ അധ്യക്ഷത വഹിക്കുകയും ആശയാവതരണവും നടത്തി. ജെൻഡർ സ്പെഷലിസ്റ്റ്, ഫോർമർ ജെൻഡർ അഡ്വൈസർ ഡോ. ടി കെ ആനന്ദി, ജെൻഡർ പാർക്ക് ഗവേർണിങ് ബോഡി മെമ്പർ ഡോ. മൃദുൽ ഈപ്പൻ,നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ടുകര തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ എസ് സബീന ബീഗം സ്വാഗതവും സ്റ്റേറ്റ് ടെക്നിക്കൽ കൺസൾട്ടൻ്റ്, യു എൻ വുമൺ ഇന്ത്യ ഓഫീസ് ഡോ. പീജ രാജൻ നന്ദിയും പറഞ്ഞു