ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തുടക്കമായി. “ഒരുമിക്കാം വൃത്തിയാക്കാം” എന്ന തീവ്രശുചീകരണ കാമ്പയ്ൻ വാഗമണ്ണിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു.

കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ശുചീകരണ പ്രവർത്തനങ്ങളിൽ നമുക്ക് മുന്നേറാനാകൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. വിദ്യാർഥികളും തൊഴിലാളികളും പൊതുജനങ്ങളും ഒരുമിക്കുന്ന ശുചീകരണ ക്യാമ്പയിൻ ഇടുക്കിയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച സഞ്ചാര അനുഭവം നൽകാൻ നമുക്ക് കഴിയണം. സഞ്ചാരികളും നാട്ടുകാരും ശുചിത്വ പരിപാലനത്തിൽ ഒരുപോലെ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.

ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോബി സിറിയക് ആമുഖ പ്രഭാഷണവും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി മുഖ്യപ്രഭാഷണവും നടത്തി.

ജില്ലാ ശുചിത്വമിഷൻ, മരിയൻ കോളേജ് കുട്ടിക്കാനം, ഡിടിപിസി ഇടുക്കി, ഏലപ്പാറ ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിലാണ് വാഗമണ്ണിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പരിപാടിയിൽ കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. ജില്ലാ ശുചിത്വമിഷന്റെ അസിസ്റ്റന്റ് ഡയറക്ടറും ജില്ലാ കോ ഓർഡിനേറ്ററുമായ ഭാഗ്യരാജ് കെ ആർ., ത്രിതല പഞ്ചായത്ത്‌ പ്രധിനിധികൾ, ഹരിതകർമ്മ സേനാ അംഗങ്ങൾ , വിവിധ സംഘടനകൾ, കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നുള്ള ഇരുന്നൂറോളം കുട്ടികളും അധ്യാപകരും, പൊതുജനങ്ങൾ തുടങ്ങിയവർ ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തു.