പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘കരുതാം കൗമാരം’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തി. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണതക്കെതിരെയുള്ള ബോധവത്ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുല്‍പ്പള്ളി പഞ്ചായത്ത് കരുതാം കൗമാരം എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യപ്രഭാഷണം നടത്തി. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലായിരുന്നു മോട്ടിവേഷന്‍ ക്ലാസ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂള്‍, കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി സുജീന്ദ്രന്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.