കേരളത്തിലെ പൊതുവിതരണ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കിയെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ഗണന റേഷന്‍ കാര്‍ഡിനായി നവകേരള സദസില്‍ ലഭിച്ച അപേക്ഷകളും 2023 ഒക്ടോബര്‍ മാസത്തില്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും പരിഗണിച്ച് ചേര്‍ത്തല താലൂക്കിലെ 758 കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ട വിതരണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും വിലനിലവാരം നിയന്ത്രിക്കുന്നതിനും ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ചത് പൊതുവിതരണ സംവിധാനമാണ്. അര്‍ഹരായ എല്ലാവര്‍ക്കും മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയിലൊന്നാണ്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം മറ്റു സംസ്ഥാനങ്ങള്‍ ഇപ്പോള്‍ മാതൃകയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായി ലഭ്യമായിട്ടുള്ള നിവേദനങ്ങളില്‍ നല്ലൊരു പങ്കും റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടവയാണ്. ഇവയെല്ലാം വളരെ വേഗത്തില്‍ പരിശോധിച്ച് അര്‍ഹമായിട്ടുള്ളവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എസ്. ശിവപ്രസാദ് മുഖ്യാതിഥിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് കുട്ടി അഷറഫ്, ടി.എസ.് ജാസ്മിന്‍, രാഗിണി രമേശന്‍, വി.വി. ആശ, രാഖി ആന്റണി, നഗരസഭ കൗണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ വി. സുരേഷ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. ഷാജി, തൈക്കല്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.