വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം നവംബര്‍ 14 ന് ഉച്ചയ്ക്ക് 2.15ന് ഗവര്‍ണര്‍ പി. സദാശിവം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ, സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായിരിക്കും. സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഇതിന്റെ ഭാഗമായി നടക്കും.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി  നവംബര്‍ ഒന്നിന് കേരളപ്പിറവിദിനം മുതല്‍ ശിശുദിനമായ 14 വരെ നെഹ്‌റുസ്മൃതി 2018 എന്ന പേരില്‍ എല്ലാ ജില്ലകളിലും ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ കാസര്‍ഗോഡ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി തലത്തിലുള്ള കുട്ടികള്‍ക്കായി ക്വിസ് മത്സരം, സാംസ്‌കാരികസമ്മേളനം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കല്‍, ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനം, പുസ്തകപ്രദര്‍ശനം എന്നിവ പരിപാടികളുടെ ഭാഗമായി നടത്തും.
        കാസര്‍ഗോഡ് (നവംബര്‍ ഒന്ന്), കണ്ണൂര്‍ (നവംബര്‍ രണ്ട്), വയനാട് (നവംബര്‍ മൂന്ന്), കോഴിക്കോട്(നവംബര്‍ നാല്), മലപ്പുറം (നവംബര്‍ അഞ്ച്), പാലക്കാട് (നവംബര്‍ ആറ്), എറണാകുളം (നവംബര്‍ ഏഴ്), തൃശ്ശൂര്‍ (നവംബര്‍ എട്ട്),  കോട്ടയം (നവംബര്‍ ഒന്‍പത്), പത്തനംതിട്ട (നവംബര്‍10), ഇടുക്കി (നവംബര്‍ 11), ആലപ്പുഴ (നവംബര്‍ 12), കൊല്ലം (നവംബര്‍ 13), തിരുവനന്തപുരം (നവംബര്‍14) എന്നിങ്ങനെയാണ് ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മന്ത്രിമാരായ എ.കെ ബാലന്‍, പ്രൊഫ സി. രവീനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് കുട്ടികളോടു സംസാരിക്കും. എല്ലാ ജില്ലയിലും നടക്കുന്ന പുസ്തകപ്രദര്‍ശനത്തില്‍ നിരവധി ബാലസാഹിത്യ പുസ്തകങ്ങള്‍ ഉണ്ടാവും. പത്തു പുസ്തകങ്ങളടങ്ങിയ പ്രത്യേക പുസ്തകപ്പെട്ടിയും മേളയിലുണ്ട്. വിലക്കുറവില്‍ ഈ പുസ്തകങ്ങള്‍ വാങ്ങാനുള്ള അവസരവുമുണ്ടാവും. സ്‌കൂള്‍ലൈബ്രറികള്‍ക്ക് 40 ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാം. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ മാസികയായ തളിരിന് വരിക്കാരാകാനുള്ള അവസരവും മേളയിലുണ്ട്.