ഭരണഘടനാപരമായ തുല്യത എന്ന അവകാശം സ്ത്രീകൾക്ക് ഉറപ്പു വരുത്തുക എന്നതാണ് വനിത കമ്മീഷന്റെ ലക്ഷ്യമെന്ന് കമ്മീഷൻ അധ്യക്ഷ പി സതീദേവി. വാണിമേലിലെ പന്നിയേരി കോളനിയില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ പട്ടികവര്‍ഗ മേഖല ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

കാൽനൂറ്റാണ്ട് മുമ്പുള്ള സ്ത്രീകളുടെ അവസ്ഥക്ക് മാറ്റമുണ്ടാക്കാൻ സാധിച്ചു. നടപ്പിലും വേഷത്തിലും വീടിനകത്ത് ഉൾപ്പടെ മാറ്റങ്ങൾ വന്നു. എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന അവസ്ഥയുണ്ട്.

പട്ടികവർഗ്ഗ മേഖലയിലെ കോളനി മേഖലയിലെ പലരും ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കാൻ കഴിയാതെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതായി കമ്മീഷൻ അധ്യക്ഷ പറഞ്ഞു. എസ്.എസ്.എൽ.സി കഴിഞ്ഞാൽ പഠനം നിർത്തുന്ന സാഹചര്യമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗ്രോത്ര വിഭാഗങ്ങൾക്ക് പഠിക്കാൻ ആവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ചും തുടർ പഠനത്തിൻ്റെ ആവശ്യകത സംബന്ധിച്ചും രക്ഷിതാക്കൾക്കായി ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ആദിവാസി – ഗോത്ര മേഖലകളിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അവർ പറഞ്ഞു.

വാണിമേല്‍ പഞ്ചായത്തിലെ ഗോത്രമേഖലാ നിവാസികളുടെ ഇടയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറയ്ക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്. മദ്യപാനത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം മൂലം വളരെ ശോഷിച്ച ആരോഗ്യമുള്ള ചിലരെ കാണാന്‍ കഴിഞ്ഞു. മദ്യത്തിന്റെ വ്യാപനം വളരെ കൂടുതലാണെന്ന് കോളനി നിവാസികളായ സഹോദരിമാര്‍ പറഞ്ഞു. പുരുഷന്മാര്‍ മദ്യപിച്ചു വന്ന് വീടുകളില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇവര്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും പതിവായി പുകയില ഉപയോഗിച്ചു മുറുക്കുന്നതായി കണ്ടു. പുകയില ഉപയോഗിക്കുന്നതു തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിലും ഇത് ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കും എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണ പരിപാടികൾ നടപ്പിലാക്കും.

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നേതൃത്വത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാളാംതോട്, അടുപ്പിൽ, മാടാഞ്ചേരി, പന്നിയേരി പട്ടികവർഗ്ഗ കോളനികളിൽ ഗൃഹസന്ദർശനം നടത്തി. കിടപ്പു രോഗികളായ സ്ത്രീകളുടെ വീടുകളും സന്ദർശിച്ച കമ്മീഷൻ അധ്യക്ഷ അവർക്ക് ലഭ്യമാകേണ്ട ആരോഗ്യപരിചരണത്തിന്റെയും പാലിയേറ്റീവ് സംവിധാനത്തിന്റെയും പ്രയോജനം വീടുകളിൽ എത്തുന്നുണ്ടോ എന്ന് നേരിട്ടു ചോദിച്ചറിഞ്ഞു.

പൊതുസമൂഹത്തിൽ ഉണ്ടായ വികസനം പട്ടിക വർഗ്ഗ ഊരുകളിലും എത്തിയിട്ടുള്ളതായി വനിതാ കമ്മീഷന്‍ വിലയിരുത്തി. പല വകുപ്പുകളും ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഏകോപനം സാധ്യമായി കഴിഞ്ഞാല്‍ വാണിമേല്‍ പഞ്ചായത്തിലെ ഗോത്ര മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഇതിന് ആവശ്യമായ ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

വാണിമേല്‍ പഞ്ചായത്തില്‍ മാത്രം 10 ഗോത്രവര്‍ഗ കോളനികളുണ്ട്. 263 ഗോത്രവര്‍ഗ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഈ മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കമ്മീഷൻ അംഗങ്ങൾ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരും ഗൃഹസന്ദർശനത്തിൽ പങ്കുചേർന്നു.