രാജ്യത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജല ബജറ്റ് തയ്യാറാക്കി നിയോജക മണ്ഡലതല ജല ബജറ്റിന് രൂപം നല്‍കിയ മണ്ഡലമായി തൃത്താല. തൃത്താല നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണം, കാര്‍ഷിക വികസനം, മാലിന്യ സംസ്‌കരണം, സുസ്ഥിര ഉപജീവനം എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച സുസ്ഥിര തൃത്താല എന്ന സംയോജിത പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് ജല സംരക്ഷണം. മണ്ഡലത്തില്‍ ഭൂഗര്‍ഭ ജലവിതാനം അര്‍ദ്ധ ഗുരുതര (സെമി ക്രിട്ടിക്കല്‍) അവസ്ഥയിലാണ്. ജല ഉപഭോഗം ശാസ്ത്രീയമായി ക്രമീകരിച്ച് തൃത്താലയെ ജല സുരക്ഷ മണ്ഡലം ആക്കുന്നതിനുള്ള പ്രധാന പ്രവര്‍ത്തനമാണ് ജല ബജറ്റ് വിഭാവനം ചെയ്യുന്നത്.
ജല ബജറ്റിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായത്തോടുകൂടി വരും വര്‍ഷങ്ങളില്‍ തൃത്താലയെ ജല സുരക്ഷാപ്രദേശം ആക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജലമിച്ചമാണ് കാണിക്കുന്നതെങ്കിലും സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ജല കമ്മി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അനുഭവപ്പെടാറുണ്ട്. ഈ ജലക്കമ്മി പരിഹരിച്ച് ജല മിച്ച കാലമാക്കി ഈ മാസങ്ങളെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സൈതലവി പറഞ്ഞു.
ഒരു പ്രദേശത്തെ ജലലഭ്യതയും അതിന്റെ സുസ്ഥിരതയും വിശകലനം ചെയ്ത് ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയ അടിത്തറയാണ് ജലബജറ്റ്. ഒരു പ്രദേശത്ത് ഒഴുകിയെത്തുകയും അവിടെ നിന്ന് ഒഴുകിപോവുകയും ചെയ്യുന്ന ജലത്തിന്റെ അളവിനെ ആശ്രയിച്ചാണ് അവിടെ ശേഖരിക്കപ്പെടുന്ന ജലത്തിന്റെ അളവില്‍ വരുന്ന വ്യത്യാസം കണക്കാക്കുക. ഒരു പ്രദേശത്തെ ജല ലഭ്യതയും വിനിയോഗവും കണക്കാക്കി ശാസ്ത്രീയമായി ജലത്തിന്റെ ഉപഭോഗം ക്രമീകരിക്കുന്നതിന് സഹായകമായ രേഖയാണ് ജല ബജറ്റ്. ഹരിത കേരളം മിഷന്‍ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത ബ്ലോക്കുകളില്‍ രാജ്യത്ത് ആദ്യമായി കഴിഞ്ഞവര്‍ഷം ജല ബജറ്റ് തയ്യാറാക്കിയിരുന്നു. ഓരോ ചെറുപ്രദേശത്തും ഒരു ചെറുകാലയളവില്‍ പെയ്തു കിട്ടുന്ന മഴവെള്ളം ഉള്‍പ്പെടെയുള്ള ജല ലഭ്യതയും അവിടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട ജലത്തിന്റെയളവും താരതമ്യം ചെയ്ത് ഓരോ സമയത്തും ജല മിച്ചമാണോ ജലക്കമ്മിയാണോ അനുഭവപ്പെടുന്നത് എന്ന് കണ്ടെത്തുന്ന പ്രവര്‍ത്തനമാണ് ജല ബജറ്റിലൂടെ ചെയ്യുന്നത്.
തൃത്താല ജല ബജറ്റ് – തുടര്‍ പ്രവര്‍ത്തനങ്ങള്‍
ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. കാര്‍ഷിക കുളങ്ങളുടെ നിര്‍മ്മാണം, പൊതുക്കുളങ്ങളുടെയും കിണറുകളുടെയും പുനരുജ്ജീവനം, കിണര്‍ റീചാര്‍ജ്ജിങ്, നീര്‍ത്തടാധിഷ്ഠിതമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ജലസംരക്ഷണത്തിനു വേണ്ടിയുള്ള പ്രത്യേകമായ ഇടപെടലുകള്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് മണ്ഡലത്തില്‍ നടപ്പാക്കി വരുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക എന്നതാണ് ജല ബജറ്റിന്റെ തുടര്‍പ്രവര്‍ത്തനമായി ഉദ്ദേശിക്കുന്നത്.
ജൈവവേലി, മണ്‍ബണ്ട് കിണര്‍ നിര്‍മ്മാണം, കോണ്‍ടൂര്‍ ട്രഞ്ച്, പുതുക്കുള നിര്‍മ്മാണം, തട്ടു തിരിക്കല്‍, മരം വെച്ച് പിടിപ്പിക്കല്‍, കുളം പുനരുദ്ധാരണം, ഭൂവികസന പ്രവൃത്തികള്‍, മഴക്കുഴി, തീറ്റപ്പുല്‍ കൃഷി, ബ്രഷ് വുഡ് ചെക്ക് ഡാം, കയര്‍ ഭൂവസ്ത്ര ഉപയോഗിച്ച് പാര്‍ശ്വഭിത്തി സംരക്ഷണം, കിണര്‍ റീചാര്‍ജ്, കാര്‍ഷിക കുളം, കല്ലടക്ക് തടയണകള്‍ തുടങ്ങിയ തുടര്‍ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്.നാഗലശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ജല ബജറ്റിന്റെ പ്രകാശനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ ജല ബജറ്റ് ഏറ്റുവാങ്ങി.