അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. വിവിധ സ്രോതസുകളില്‍ നിന്നും 37,79,98,268 രൂപ വരവും, 37,56,90,000 രൂപ ചെലവും 23,08,268 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. 2024-25 സാമ്പത്തിക വര്‍ഷം 3,56,42,000 രൂപ സംസ്ഥാന ബജറ്റില്‍നിന്നും ലഭ്യമാകുന്ന പഞ്ചായത്ത് വിഹിതത്തിന് പുറമേ 2,00,00,000 രൂപ പഞ്ചായത്ത് തനത് ഫണ്ടും കൂടാതെ ലഭ്യമാകുന്ന എം.പി/എം.എല്‍.എ/ജില്ലാ/ബ്ലോക്ക് തലങ്ങളില്‍ നിന്നും ലഭിക്കുന്ന ഫണ്ട് കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. ആസ്തി വികസനം ലക്ഷ്യമാക്കി ബജറ്റില്‍ റോഡുകളുടെ നിര്‍മാണവും സംരക്ഷണവും ഊന്നല്‍ നല്‍കുന്നു. കാര്‍ഷിക മേഖലയ്ക്ക് 90 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന് 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കൃഷിയും മൃഗസംരക്ഷണവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോവുക എന്ന ആശയം മുന്‍നിര്‍ത്തി ‘പാല്‍ മുട്ട പച്ചക്കറി ഉത്പാദന യൂണിറ്റ്’ എന്ന പുതിയൊരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷീരവികസനത്തിന് 20 ലക്ഷം, പാര്‍പ്പിട മേഖലയ്ക്ക് 2.11 കോടി, പട്ടികജാതി വികസനത്തിന് 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്ക് 5,00,00,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2024-25 വര്‍ഷം വൃത്തിയും ഹരിതാഭവുമായ ഗ്രാമം എന്ന തീം ആണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. അതിനാല്‍ ശുചിത്വമാലിന്യ പരിപാടികള്‍ക്കായി 55,50,000 രൂപ വകയിരുത്തിയിട്ടുണ്ട്.
വനിതാ ക്ഷേമ പദ്ധതികള്‍ക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതില്‍ കുടുംബശ്രീ ശാക്തീകരണത്തിന്റെ ജനകീയ ഹോട്ടല്‍ നവീകരണവും വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ്, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കുള്ള സ്‌പെഷ്യല്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതി ‘പെണ്മ’യും ഉള്‍പ്പെടുന്നു. ലിംഗനീതി-ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സന്തുലിതമായാണ് ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അതത് കാലത്തെ നയങ്ങളെ ഈ ബജറ്റ് പിന്താങ്ങുന്നുമുണ്ട്.
ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടി. ശശികുമാര്‍ ബജറ്റ് അവതരിപ്പിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐ. സീനത്ത് അധ്യക്ഷയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് മോഹന്‍, എസ്. സ്മിത, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. മുഹമ്മദ് കാസിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എം. ബിന്ദു, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ്, അങ്കണവാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.