ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ചുള്ള നാട്ടാന പരിപാലന ജില്ലാതല സമിതിയുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ തീരുമാനിച്ചു. ഒരു ദിവസം ആറു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഒരേ ആനകളെ ഉപയോഗിക്കരുത്. ആനകളിൽ നിന്നും നിശ്ചിത ദൂരം മാത്രമെ (കുറഞ്ഞത്മൂന്നു മീറ്റർ) ആളുകൾ നിൽക്കുവാനും സഞ്ചരിക്കുവാനും പാടുള്ളൂ. ആനയുമായി മറ്റുള്ളവർ അടുത്തിടപഴകുന്നത് കർശനമായും വിലക്കേണ്ടതാണ്. പാപ്പാൻമാർ മദ്യപിച്ച് ജോലിചെയ്യുവാൻ അനുവദിക്കരുത്. എഴുന്നള്ളിപ്പ് സമയത്ത് ആനകൾ തമ്മിൽ മതിയായ അകലം പാലിക്കേണ്ടതാണ്. മദപ്പാടുള്ളത്, മദം ഒലിക്കുന്നത്, അസുഖം ഉള്ളത്, പരിക്കേറ്റത്, ക്ഷീണിതനായത്, ഗർഭിണി, അന്ധത ഉൾപ്പെടെയുള്ള ശാരീരിക വൈകല്യമുള്ള ആനകളെ ഉപയോഗിക്കരുത്. എഴുന്നള്ളിപ്പിനായി വെയിലത്ത് ആനയെ അധികസമയം നിർത്തുവാനോ, ആനയുടെ സമീപത്തുവച്ച് പടക്കം പൊട്ടിക്കുവാനോ പാടില്ല.

ആനയ്ക്ക് ആഹാരവും, വെള്ളവും ലഭിക്കുന്നുണ്ടെന്ന് ആനത്തൊഴിലാളികളും, ആഘോഷകമ്മിറ്റി ഭാരവാഹികളും ഉറപ്പുവരുത്തേണ്ടതാണ്.തീവെട്ടി ആനകൾക്ക് ചൂടേൽക്കാത്തവിധം അകലം പാലിച്ച് പിടിക്കേണ്ടതാണ്.ഉത്സവസമയത്ത് ആനകൾക്ക് ആവശ്യാനുസരണം ആഹാരവും, വെള്ളവും നൽകുകയും, കാലിൽ ചൂടേൽക്കാതിരിക്കുവാൻ നനച്ച തറയിൽ (ചാക്കിൽ) നിർത്തുകയും, വെയിലേൽക്കാതിരിക്കുവാൻ പന്തൽപോലുള്ള സംവിധാനം ഒരുക്കുകയും ചെയ്യേണ്ടതാണ്.എലിഫെന്റ് സ്‌ക്വാഡിലെ വെറ്റിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പുവരുത്തേണ്ടതാണ്.

കുട്ടിയാനകളെ (1.5 മീറ്ററിൽ താഴെ പൊക്കമുള്ളവ) ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല. ആനയെ നട്ട് ഘടിപ്പിച്ച വടി ഉപയോഗിച്ച് തല്ലുവാനോ ആണി, സൂചി പോലുള്ളവ ഘടിപ്പിച്ച വടികൾ, കോലുകൾ ഉപയോഗിച്ച് പീഡിപ്പിക്കുവാനോ, കുത്തിപ്പൊക്കി തല ഉയർത്തി നിർത്തുവാനോ പാടില്ല. ഡാറ്റാബുക്കിന്റെ അസ്സലും, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, 15 ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ പാപ്പാന്റെ കൈവശം ഉണ്ടായിരിക്കണം.വെറ്റിനറി ഡോക്ടറുടെ കുറിപ്പ് പ്രകാരമേ മരുന്നുകൾ നൽകാവൂ.ആനയെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും ഉത്സവകമ്മിറ്റി 72 മണിക്കൂർ സമയത്തേയ്‌ക്കെങ്കിലും 25 ലക്ഷം രൂപയ്‌ക്കെങ്കിലും ഇൻഷ്വർ ചെയ്യേണ്ടതാണ്. ആനയുടെ കഴുത്തിൽ ആനയുടെ പേര് പ്രദർശിപ്പിക്കേണ്ടതും, ഉത്സവ എഴുന്നള്ളിപ്പ് സമയത്ത് ഒന്നാംപാപ്പാൻ ആനയുടെ സമീപത്തുതന്നെ ഉണ്ടായിരിക്കേണ്ടതുമാണ്.ഇടഞ്ഞ ആനയെ / ജീവഹാനിയ്ക്ക് കാരണമായ ആനയെ 15 ദിവസത്തേയ്ക്ക് ഉത്സവാഘോഷങ്ങളിൽ പങ്കെടുപ്പിക്കുവാൻ പാടില്ലാത്തതും, 15 ദിവസത്തിനുശേഷം പ്രസ്തുത ആനയെ ഫോറസ്റ്റ് വെറ്റിനറി ഓഫീസറും, അതാതു ജില്ലയിലെ രണ്ടു സർക്കാർ വെറ്റിനറി ഓഫീസർമാരോ / ജില്ലയിലെ മറ്റു രണ്ടു വെറ്റിനറി ഡോക്ടർമാരോ ഉൾപ്പെടുന്ന മെഡിക്കൽ സംഘം ആനയെ പരിശോധിച്ച് മാനസിക, ശാരീരികനില തൃപ്തികരമാണെന്ന് സാക്ഷ്യപ്പെടുത്തിയാൽ മാത്രമെ വീണ്ടും എഴുന്നള്ളിക്കുവാൻ പാടുള്ളൂ.ആനകളെ ഉപയോഗിച്ചുള്ള പുതിയ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതല്ല.

2012-ൽ ഉണ്ടായിരുന്ന ഉത്സവങ്ങൾക്ക് മാത്രമെ അനുവാദം നൽകുകയുള്ളൂ. 2012-ൽ ഉണ്ടായിരുന്ന ആനകളുടെ എണ്ണം മാത്രമെ ഓരോ ഉത്സവത്തിനും തുടർവർഷങ്ങളിൽ ഉണ്ടാകാൻ പാടുള്ളൂ. 35 വയസ്സിനു മുകളിലുള്ള എല്ലാ ആനകളുടെയും ആരോഗ്യ സ്ഥിതി പരിശോധിക്കേണ്ടതാണ്.ആന പാപ്പാന്മാർക്ക് ക്ഷരോഗം ഇല്ലായെന്നുള്ള സർട്ടിഫിക്കറ്റ് ജില്ലാമെഡിക്കൽ ഓഫീസറിൽ നിന്നും വാങ്ങി ആന ഉടമസ്ഥർ ഹാജരാക്കേണ്ടതാണ്. എലിഫന്റ് സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കുന്നതിനായി 9495314850 എന്ന നമ്പറിൽ വെറ്റിനറി ഡോക്ടർ എസ്. ബിജുവിനെ ബന്ധപ്പെടേണ്ടതാണ്.

എ.ഡി.എം ഐ.അബ്ദുൾസാലാം അധ്യക്ഷത വഹിച്ചു. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി അസി.ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ്, അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്സ്.പി. കെ.സജീവ്, സീനിയർ വെറ്ററിനറി ഓഫീസർ ഡോ.വിമൽ സേവ്യർ, ഫയർ സ്റ്റേഷൻ ഓഫീസർ എം.എ.ജോണിച്ചൻ, ചെങ്ങന്നൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.ഗണേശൻ. ഫെസ്റ്റിവൽ കോ-ഓഡിനേഷൻ കമ്മറ്റി പ്രതിനിധി രാജേഷ് കുമാർ എന്നീവർ പങ്കെടുത്തു.