36ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ സാങ്കേതിക സെഷനില്‍ ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി കോവിഡ് മനേജ്മെന്റ് എക്‌സ്പേര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബി.ഇക്ബാല്‍, കേന്ദ്ര സര്‍വ്വകലാശാല പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. മാത്യു ജോര്‍ജ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഒരു ലോകം ഒരു ആരോഗ്യം എന്ന കാഴ്ചപ്പാട് ഇന്നത്തെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു സെമിനാര്‍. കോവിഡ് മഹാമാരിക്ക് ശേഷമാണ് ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയത്തിന് പ്രസക്തിയേറിയതെന്ന് ഡോ.ബി.ഇക്ബാല്‍ പറഞ്ഞു.

കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയത്തിന്റെ ഉദ്ഭവം മുതല്‍ ഇന്നത്തെ സമൂഹത്തില്‍ ഈ ആശയത്തിന്റെ പങ്ക് എന്നിവ ക്ലാസില്‍ ചര്‍ച്ച ചെയ്തു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെക്കുറിച്ചും എങ്ങനെയാണ് അവ മനുഷ്യനിലേക്ക് എത്തുന്നതെന്നും, കാലാവസ്ഥാ വ്യതിയാനം സമൂഹത്തിന്റെ നിലനില്‍പിനെ എങ്ങനെ ബാധിക്കുന്നുവെന്നും സെമിനാറില്‍ ചര്‍ച്ചാവിഷയമായി.

പൊതുജനാരോഗ്യ പാരിസ്ഥിതിക സിദ്ധാന്തത്തിലെ സമഗ്ര സമീപനം എന്ന വിഷയത്തില്‍ പ്രൊഫ.മാത്യു ജോര്‍ജ് സംസാരിച്ചു. ജനകേന്ദ്രീകൃത സമീപനം, ജീവിതം, ജീവിത രീതി തുടങ്ങിയ ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയത്തെ ഏതൊക്കെ വിധത്തില്‍ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു ആരോഗ്യത്തില്‍ സാമൂഹിക പരിസ്ഥിതി നിര്‍ണായക സ്വാധീനം ചെലുത്തുന്നതായും ആരോഗ്യത്തിന്റെ പരിഷ്‌ക്കരിച്ച ആശയവത്ക്കരണം ജൈവശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളെ ആശ്രയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.സൗമ്യ സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യു.ആര്‍.ബി.എം ഡയറക്ടര്‍ ഡോ.മനോജ് പി സാമുവല്‍ സ്വാഗതവും ഡോ. ബിനുജ തോമസ് നന്ദിയും പറഞ്ഞു.