36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ 2022 ലെ കേരള ശാസ്ത്ര, ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. യുവശാസ്ത്രജ്ഞര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ഐ.സി. എ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കൊച്ചി എഞ്ചിനീയറിങ് സെക്ഷന്‍ ശാസ്ത്രജ്ഞന്‍ ഡോ.എസ്.മുരളി, എന്‍.ഐ.ഐ.എസ്.ടി മൈക്രോ ബയല്‍ പ്രൊസസ്സ് ആന്‍ഡ് ടെ്‌നോളജി ഡിവിഷന്‍ ശാസ്ത്രജ്ഞന്‍ ഡോ.ഹര്‍ഷ ബജാജിന് വേണ്ടി ഡോ.കെ.ആര്‍.മഹേന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

മുഖ്യ മന്ത്രിയുടെ സ്വര്‍ണമെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസര്‍ച്ച് പ്രോജക്ടുമാണ് അവാര്‍ഡ്.

കേരള ശാസ്ത്രപുരസ്‌കാരത്തിന് അഗ്രോഫോറസ്ട്രിയുടെ പിതാവും ഫ്ലോറിഡ സര്‍വകലാശാലയിലെ ഡിസ്റ്റിംഗിഷ്ഡ് പ്രൊഫസറുമായ പ്രൊഫ.പി.കെ. രാമചന്ദ്രന്‍ നായര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ആജീവനാന്ത ശാസ്ത്ര നേട്ടങ്ങളും കാര്‍ഷിക വനവത്ക്കരണ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. പ്രൊഫ.പി.കെ.രാമചന്ദ്രനു വേണ്ടി കേരളം വനഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.ശ്യാം വിശ്വനാഥ് പുരസ്‌കാരം സ്വീകരിച്ചു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ കൗണ്‍സിലിലും അതിനു കീഴിലുള്ള ഗവേഷസ്ഥാപനങ്ങളില്‍ നിന്നും ഏറ്റവും മികച്ച ശാസ്ത്രജ്ഞനുള്ള അവാര്‍ഡ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗവേഷണ സ്ഥാപനമായ ജല വിഭവ വികസന വിനിയോഗ കേന്ദ്രം പിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.യു.സുരേന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ജലവിഭവ വികസനവും മാനേജ്മെന്റും ഈ മേഖലയിലെ നൂതനവും ശ്രദ്ധേയവുമായ അദ്ദേഹത്തിന്റെ ഗവേഷണ സംഭാവനകള്‍ മാനിച്ചാണ് ഈ പുരസ്‌കാരം.

ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2022 ലെ അവാര്‍ഡ് സാഗാ ജെയിംസ് ഏറ്റുവാങ്ങി. ശാസ്ത്ര മധുരം എന്ന കൃതിക്കാണ് അവാര്‍ഡ്.

ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ.ബി.ഇക്ബാല്‍ ഏറ്റുവാങ്ങി. മഹാമാരികള്‍ പ്ലേവര്‍ മുതല്‍ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം’ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം സി.എം.മുരളിധരന്‍ (വിജ്ഞാനവും വിജ്ഞാനഭാഷയും’ എന്ന പുസ്തകത്തിന്), ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള 2022 ലെ പുരസ്‌കാരത്തിന് സീമ ശ്രീലയം (വിവിധ പത്ര മാസികകളില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനങ്ങള്‍ക്ക്), ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) 2022-ലെ പുരസ്‌കാരത്തിന് പി.സുരേഷ് ബാബു ( ശാസ്ത്രത്തിന്റെ ഉദയം’ എന്ന കൃതിക്ക്) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.