പാസ്സിംഗ് ഔട്ട് പരേഡില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു
ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാടിനെ അറിയാനും കാടിനെ രക്ഷിക്കാനും മറ്റാരെക്കാളും അറിവും അനുഭവസമ്പത്തുമുള്ളവരാണ് വനമേഖലയിലെ വനാശ്രിത ജനവിഭാഗങ്ങള്‍. ആനുകാലിക സാഹചര്യത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായി വനത്തെ ആശ്രയിച്ച് കഴിയുന്ന സമൂഹത്തില്‍പ്പെട്ടവരെ നിയമിക്കുന്നത് വനം വന്യജീവി വകുപ്പിന് മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും വനം-വന്യജീവി മേഖലകളില്‍ മനുഷ്യരുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ സമചിത്തതയോടുകൂടി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം. വര്‍ദ്ധിച്ചുവരുന്ന മലയോര മേഖലകളിലെ വന്യജീവി അക്രമണങ്ങളില്‍ വനം വകുപ്പ് ജനങ്ങളോടൊപ്പം നിന്ന് പ്രശ്ങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂര്‍ പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ നടന്നു. ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പട്ടികജാതി-പട്ടികവര്ഗ പിന്നോക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രൗഡഗംഭീരമായ ചടങ്ങു നടന്നത്. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പരിശീലനാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ട്രോഫികള്‍ നല്‍കി. വി.ആര്‍ അമ്പിളി ബെസ്റ്റ് ഇന്‌ഡോര്‍ പെര്‍ഫോര്‍മറായും, വി.കെ ലിനീഷ് ബെസ്റ്റ് ഔട്ട് ഡോര്‍ പെര്‍ഫോര്‍മറായും കെ.ആര്‍ രാഹുല്‍ ബെസ്റ്റ് ഓള്‍റൗണ്ടറായും തെരഞ്ഞെടുക്കപ്പെട്ടു.
ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, വനത്തെ ആശ്രയിച്ച് കഴിയുന്ന ഗോത്ര സമൂഹത്തില്‍പ്പെട്ടവരെ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിച്ച് അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നിര്‍ത്തിയാണ് സര്‍ക്കാര്‍ പുതുതായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ചത്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ എഴുത്തു പരീക്ഷയും, കായികക്ഷമതാ പരീക്ഷയും വിജയിച്ച് നിയമനം നേടിയ 481 പേരില്‍ 3 മമാസക്കാലത്തെ പോലീസ് പരിശീലനവും, 6 മാസക്കാലത്തെ ഫോറസ്ട്രി പരിശീലനവും പൂര്ത്തിയാക്കിയ 460 പേരാണ് പാസിംഗ് ഔട്ട് പരേഡില്‍ സത്യപ്രതിജ്ഞ ചെയ്ത് വനംവകുപ്പിന്റെ ഭാഗമായത്.
വകുപ്പ് മേധാവി ഗംഗാ സിംഗ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഫിനാന്‍സ്, ബഡ്ജറ്റ് ആന്റ് ഓഡിറ്റ് ) ഡോ. പി പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) ആന്റ് സി.ഇ.ഒ സി.എ.എം.പി ഡോ. എല്‍. ചന്ദ്രശേഖര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ട്രെയിനിങ് ) ആന്റ് ഡയറക്ടര്‍ കെ.ഇ.പി.എ ഗോപേഷ് അഗര്‍വാള്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (എച്ച് ആര്‍ ഡി) ഡി.കെ വിനോദ് കുമാര്‍, സി സി എഫ് (ഹൈറേഞ്ച് സര്‍ക്കിള്‍ )ആര്‍.എസ് അരുണ്‍, സി.സി.എഫ് (ഈസ്റ്റേണ്‍ സര്‍ക്കിള്‍) കെ. വിജയാനന്ദന്‍, സിസി എഫ്(സെന്‍ട്രല്‍ സര്‍ക്കിള്‍) ഡോ. ആടലരസന്‍, ഫോറസ്റ്റ്, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.