പുനർഗേഹം: 4 ലക്ഷം രൂപ വീതം നൽകും
പുനർഗേഹം പദ്ധതിയുടെ സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ടതും സുരക്ഷിത മേഖലയിൽ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കൾക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിർമ്മാണ ആനുകൂല്യം നൽകും. പുനർഗേഹം പദ്ധതിക്കായി ഭരണാനുമതിൽ നൽകിയിട്ടുള്ള 2450 കോടി രൂപയിൽ നിന്ന് 4 ലക്ഷം രൂപ വീതമാണ് നൽകുക. വേലിയേറ്റ മേഖലയിൽ നിന്ന് 200 മീറ്റർ പുറത്ത് സുരക്ഷിത മേഖലയിൽ സ്വന്തമായി സ്ഥലമുളള, നിലവിൽ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന, സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ട 355 ഗുണഭോക്താക്കളെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണ് മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തുന്നത്.
വാഹനങ്ങൾ വാങ്ങാൻ അനുമതി
ജില്ലാ ജുഡീഷറിയിലെ ജുഡീഷൽ ഓഫീസർമാരുടെ ഉപയോഗത്തിന് 12 കാറുകൾ വാങ്ങാൻ അനുമതി നൽകി. പുനലൂർ, തളിപ്പറമ്പ്, കാസർകോട്, തൃശ്ശൂർ എംഎസിടി ജഡ്ജ്മാർക്കും കാസർകോട്, മഞ്ചേരി, കൽപ്പറ്റ, കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ്മാർക്കും ആലപ്പുഴ, തൊടുപുഴ, തിരൂർ, ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജ്മാർക്കും ഉപയോഗത്തിനാണ് വാഹനങ്ങൾ.
പരിവർത്തനാനുമതി
തൃശ്ശൂർ അയ്യന്തോൾ വില്ലേജിൽ പുഴക്കൽ പാടത്ത് കിൻഫ്രയ്ക്ക് അനുവദിച്ച 30 ഏക്കർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനാനുമതി നൽകും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊതു ആവശ്യമെന്ന മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയാണിത്.
തരംമാറ്റുന്ന ഭൂമിയുടെ 10 ശതമാനം ജല സംരക്ഷണത്തിനായി മാറ്റിവെയ്ക്കണം. പരിസ്ഥിതി സൗഹൃദ നിർമ്മാണ പ്രവർത്തനങ്ങൾ ആയിരിക്കണം നടപ്പാക്കേണ്ടത്. സമീപത്തുള്ള കൃഷിയെയും ആവാസ വ്യവസ്ഥയെയും ബാധിക്കരുത്. സമീപ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാത്ത തരത്തിൽ തരംമാറ്റം നടത്തണം. ആവശ്യമായ പരിസ്ഥിതി ശാസ്ത്ര സങ്കേതിക വിദഗ്ധരുടെ സേവനം ജില്ലാ കളക്ടർക്ക് കിൻഫ്ര ലഭ്യമാക്കണം.
മാനദണ്ഡത്തിൽ ഇളവ്
അടൂർ നിയോജക മണ്ഡലത്തിലെ പന്തളം വില്ലേജിനെയും ആറന്മുള മണ്ഡലത്തിലെ കുളനട വില്ലേജിനെയും ബന്ധപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകെ വയലപ്പുറം പാലം നിർമ്മിക്കാൻ ക്ഷണിച്ച ടെണ്ടറിൽ സർക്കാർ മാനദണ്ഡത്തിൽ ഇളവ് വരുത്തി അംഗീകാരം നൽകും.
സാധൂകരിച്ചു
പുനലൂർ റീഹാബിലിറ്റേഷൻ പ്ലാൻറേഷൻസ് ലിമിറ്റഡിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും 2022-23 വർഷത്തിൽ 20 ശതമാനം ബോണസ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു. കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.
നിയമനം
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ സ്‌പെഷ്യൽ കമ്മീഷണറുടെ എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ച് എബ്രഹാം റെൻ എസിനെ നിയമിക്കും.
ആശ്രിതനിയമനം
എറണാകുളം എം.എ.സി.ടിയിൽ സൂപ്പർ ന്യൂമററി തസ്തികയിൽ അറ്റൻഡറായി സേവനമനുഷ്ഠിച്ച് വരവെ ട്രെയിൻ തട്ടി മരണപ്പെട്ട ഭിന്നശേഷിക്കാരനായ പി.ജെ ബാബുവിന്റെ മകൻ ആമീൻ പി.ബി ക്ക് ആശ്രിതനിയമനം നൽകാൻ തീരുമാനിച്ചു. മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി കണക്കാക്കി, ജില്ലാ ജുഡീഷ്യറി വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലായിരിക്കും നിയമനം.
പാട്ടത്തിന് നൽകും
ഇടുക്കി ഉടുമ്പൻചോല വില്ലേജിൽ 17.6 ആർ റവന്യു പുറമ്പോക്ക് ഭൂമി 33 കെവി സബ് സ്റ്റേഷൻ നിർമ്മിക്കാൻ പാട്ടത്തിന് നൽകും. കെ എസ് ഇ ബിക്ക് പ്രതിവർഷം 18,585.6 രൂപ പാട്ട നിരക്കിലാണ് നിബന്ധനകൾക്ക് വിധേയമായി പാട്ടത്തിന് അനുവദിക്കുക.
പാട്ട നിരക്ക് കുറയ്ക്കും
കോട്ടയം ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് കമ്പോള വിലയുടെ അഞ്ച് ശതമാനം നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയുടെ പാട്ട നിരക്ക് കമ്പോള വിലയുടെ രണ്ട് ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു.