വിദ്യാര്‍ഥികളുടെ അഭിരുചികളും താല്‍പര്യങ്ങളും ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ 18-ാമത് ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

പഠനം പൂര്‍ത്തിയാക്കി സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനു മുമ്പായി വിദ്യാര്‍ഥികള്‍ എടുത്ത പ്രതിജ്ഞ സ്വകാര്യ, ഔദ്യോഗിക ജീവിതത്തിന് വഴികാട്ടിയാകണം. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ലോകത്തെ തന്നെ സേവിക്കുക എന്നാണ് രാജ്യത്തിന്റെ മാതൃക. കേരളത്തില്‍ നിന്നുള്‍പ്പെടെ അനേകം ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് ഉദാഹരണമാണ്. കോവിഡ് കാലത്ത് ഉണ്ടായ എല്ലാ തിരിച്ചടികളെയും മറികടന്ന് നാം മുന്‍നിരയിലേക്ക് എത്തപ്പെട്ടു. സമഗ്രമായ ആരോഗ്യ നയമാണ് രാജ്യത്തെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കിയതിനാണ് കേരളം മൂന്നാമതും ആരോഗ്യമന്ഥന്‍ പുരസ്‌കാരം സ്വന്തമാക്കിയത്. കര്‍മപഥത്തിലേക്ക് കടക്കുന്ന എല്ലാവരും ഏറെ സാമൂഹിക ഉത്തരവാദിത്വത്തോടെയും നാടിന്റെ വികസനത്തിന് വഴിയൊരുക്കുന്ന രീതിയിലും കടമ നിര്‍വഹിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ മോഡേണ്‍ മെഡിസിന്‍, ഡെന്റല്‍ സയന്‍സ്, ആയുര്‍വേദം, ഹോമിയോപ്പതി, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, നഴ്‌സിങ്, സിദ്ധ, യുനാനി, അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്നീ വിഭാഗങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 10591 പേര്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇവരില്‍ ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ, പിഎച്ച്ഡി നേടിയ 1932 പേര്‍ക്കാണ് ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. 8659 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തപാല്‍ വഴി അയച്ചുകൊടുക്കും.

പ്രഥമ കെ യു എച്ച് എസ് ഡോ. ശോഭ സുന്ദരേശ്വരന്‍ അക്കാദമിക് എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോഡോന്റിക്‌സ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടിയ മൂവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജിലെ രേണു ജഗനെയും വിവിധ ബിരുദ പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയവരെയും ഗവര്‍ണര്‍ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി ആദരിച്ചു.

ഗവ. മെഡിക്കല്‍ കോളജ് അലൂംമ്‌നി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍ അധ്യക്ഷനായി, രജിസ്ട്രാര്‍ ഡോ. എ.കെ. മനോജ്കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ്. അനില്‍കുമാര്‍, വിവിധ വിഷയങ്ങളിലെ ഡീനുമാര്‍, സെനറ്റ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, ഗവേണിംഗ്- അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.