1980-ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച മാനന്തവാടിയിലെ പഴശ്ശികുടീരം ചരിത്രാന്വേഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇടങ്ങളിലൊന്നാണ്. 2010 ഡിസംബറില്‍ സ്ഥാപിതമായ മ്യൂസിയത്തില്‍ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇന്‍ട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളിലായി ഒരുക്കിയ വിപുലമായ ചരിത്ര വിജ്ഞാന ശേഖരമാണ് ഇവിടേക്ക് ചരിത്രാന്വേഷകരെ ആകര്‍ഷിക്കുന്നത്. ആദിവാസികളുടെ തനതായ കരവിരുതുള്‍ക്കൊണ്ട കലാരൂപങ്ങള്‍ അണിനിരത്തിയ ഗ്യാലറി പഴയകാല ജീവിതശൈലിയും സാംസ്‌കാരവും പുതുതലമുറയെ ഓര്‍മ്മിപ്പിക്കാന്‍ പോന്നവയാണ്. ചരിത്രകാരന്മാരേയും ഗവേഷണ വിദ്യാര്‍ത്ഥികളേയും ആകര്‍ഷിക്കുന്ന രീതിയില്‍ മ്യൂസിയം ഇന്നു വികസിച്ചു കഴിഞ്ഞു. മാനന്തവാടി നഗരമധ്യത്തിലായി കബനീ നദി തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് കുടീരം. മ്യൂസിയം പരിസരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഉദ്യാനവും സജ്ജീകരിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ പറുദീസ
പ്രളയം പിന്നോട്ടടിച്ചെങ്കിലും വര്‍ഷാവര്‍ഷം മാനന്തവാടി പഴശ്ശി കുടീരത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 60,000 പേര്‍ കുടീരം സന്ദര്‍ശിക്കുകയും ആറുലക്ഷം രൂപ വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. ഇതേ വര്‍ഷം ഓണക്കാലത്ത് മാത്രം 10,000 പേരാണ് കൂടീരം സന്ദര്‍ശിച്ചത്. 2017 -18 വര്‍ഷം എട്ടു ലക്ഷത്തോളം രൂപ വരുമാന ഇനത്തില്‍ ലഭിക്കുകയും ചെയ്തു. ഈ കാലയളവില്‍ മദ്ധ്യവേനലവധിക്ക് മാത്രം എട്ടായിരം പേര്‍ കുടീരം സന്ദര്‍ശിച്ചു.
മ്യൂസിയത്തിലെ ഹെറിറ്റേജ് ഗ്യാലറിയില്‍ വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ കുടിലുകള്‍, നായാട്ടിനും, മീന്‍ പിടിക്കുന്നതിനും മറ്റുമായി ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്നതിനായുള്ള പാത്രങ്ങള്‍ എന്നിവയും പഴശ്ശി ഗ്യാലറിയില്‍ പഴശ്ശി രാജാവിന്റെ ചരിത്രം, പഴശ്ശിയും പടയാളികളും ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നാണയങ്ങളുടെ ഗ്യാലറിയില്‍ പ്രാചീനകാലം മുതലുള്ള നാണയങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പോയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം
ബ്രിട്ടീഷ് പട്ടാളത്തിന്റെ ആദരവോടെ കേണല്‍ ബാബറുടെ മഞ്ചത്തില്‍ പുല്‍പ്പള്ളി മാവിലാംതോടിന്റെ കരയില്‍ നിന്നു മാനന്തവാടിയിലെ കുന്നിന്‍മുകളിലേക്ക് 1805 നവംബറില്‍ വീരപഴശ്ശിയുടെ അന്ത്യയാത്ര. ഈ കുന്നിന്‍മുകളിലാണ് പഴശ്ശികുടീരം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാ സമരം നടത്തി രക്തസാക്ഷിത്വം വരിച്ച വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥലമാണ് പഴശ്ശി കുടീരം എന്നറിയപ്പെടുന്നത്. 1805 നവംബര്‍ 30ന് വയനാട്ടിലെ മാവിലാംതോട് എന്ന സ്ഥലത്തുവച്ച് ബ്രിട്ടീഷുകാരുമുണ്ടായ ഏറ്റുമുട്ടലിലാണ് പഴശ്ശി വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. തുടര്‍ന്ന് പഴശ്ശിരാജയുടെ മൃതദേഹം ബ്രിട്ടിഷുകാര്‍ ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. പുല്‍പ്പള്ളിയിലെ മാവിലാംതോടിന്റെ കരയിലുള്ള രക്തസാക്ഷി മണ്ഡപവും ചരിത്രാന്വേഷികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ആല്‍മരചുവട്ടില്‍ ഒരു നൂറ്റാണ്ടുകാലം കാലത്തോട് കഥപറഞ്ഞ ശവകുടീരം ഇന്ന് അടിമുടിമാറി. ടെറാക്കോട്ടയില്‍ സമരചരിത്രം കൊത്തിവെച്ച മാനന്തവാടിയിലെ പഴശ്ശികുടീരത്തിലേക്ക് ഇന്നു നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. പഴശ്ശിക്കുന്നിന്റെ മുകളില്‍ നിന്നുള്ള വിദൂരകാഴ്ചകളും നിരവധി നാട്ടുരാജ്യങ്ങളിലെ പഴശ്ശി സമരരേഖകളിലേക്ക് വിരല്‍ചൂണ്ടുന്നു.
കല്‍പ്പറ്റയില്‍ നിന്ന് 35 കിലോമീറ്ററാണ് ദൂരം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 42 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് ഒരു കിലോമീറ്ററും പഴശ്ശി കുടീരത്തിലേക്ക് ദൂരമുണ്ട്. 2010ലാണ് സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയത്. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് (അഞ്ചുമുതല്‍ 12 വയസ്സ് വരെ) അഞ്ചു രൂപയുമാണ് നിരക്ക്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം. ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. മൊബൈല്‍ ക്യാമറയ്ക്ക് 10 ഉം സ്റ്റില്‍ ക്യാമറയ്ക്ക് 25 ഉം രൂപ ഈടാക്കും. മ്യൂസിയത്തിനുള്ളില്‍ വീഡിയോ ക്യാമറ ഉപയോഗിക്കണമെങ്കില്‍ 150 രൂപ നല്‍കണം.