ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി പൂക്കോട്ടൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, കോഡൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബദുറഹിമാൻ കാരാട്ട് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക മുഖ്യപ്രഭാഷണം നടത്തി. ആർ.സി.എച്ച് ഓഫീസർ ഡോ. എ.പി അബദുൽ നിസാർ ബോധവൽക്കരണ ക്ലാസ് നയിച്ചു.
കോഡൂർ ചെമ്മങ്കടവ് പി.എം.എസ് .എ.എം.എ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ കോഡൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ്മ വട്ടോളി അധ്യക്ഷത വഹിച്ചു. വയറിളക്ക രോഗ പ്രതിരോധ മാർഗങ്ങളെ കുറിച്ചും വയറിളക്ക രോഗ ചികിത്സയിൽ പാനീയ ചികിത്സക്കുള്ള പ്രാധാന്യത്തെ കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി.രാജു സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ കെ.മുസ്തഫ നന്ദിയും പറഞ്ഞു.
ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ രോഗ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് മുജീബുറഹിമാൻ മാസ്റ്റർ, പ്രധാനധ്യാപകൻ മുഹമ്മദ് അബദുൽ നാസർ തുടങ്ങിയവർ പ്രസംഗിച്ചു. ഒ.ആർ.എസ് ലായനി ഉണ്ടാക്കുന്ന വിധം വിദ്യാർഥികൾക്ക് ഡെമോൺസ്‌ട്രേഷനായി കാണിച്ചു കൊടുത്തു. ആരോഗ്യ പ്രവർത്തകരായ വി.ബി പ്രമോജ്, കെ.സി അബദുൽ റഷീദ്, എസ്.സൗമ്യ, ആശ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.