‘കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകൾ സ്വന്തമാക്കാം’ എന്ന പേരിൽ റിയൽ എസ്റ്റേറ്റ് പദ്ധതി വിൽപനയ്ക്കായി പരസ്യപ്പെടുത്തിയ  ‘മാർക്കർ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്’ എന്ന പ്രൊമോട്ടറുടെ ‘ഗ്രീൻ സിറ്റി’ എന്ന പദ്ധതിയ്ക്ക് കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ കാരണം കാണിക്കൽ നോട്ടീസ്. തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് പ്രൊമോട്ടർ പദ്ധതി പരസ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്)നിയമം 59(1)-ാം വകുപ്പു പ്രകാരം നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് പ്രൊമോട്ടർക്ക് കെ-റെറ നോട്ടീസ് അയച്ചിട്ടുള്ളത്.

മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇതേ പ്രൊമോട്ടർ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പദ്ധതികൾ പരസ്യപ്പെടുത്തുന്നതായി കെ-റെറയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുസംബന്ധിച്ച തുടരന്വേഷണങ്ങൾ നടന്നു വരികയാണ്. കെ-റെറയിൽ രജിസ്റ്റർ ചെയ്യാത്ത ഇത്തരം റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങുമ്പോൾ നിയമ പരിരക്ഷ ലഭിക്കാത്തതിനാൽ അത്തരം ഇടപാടുകൾ നടത്തുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് കെ-റെറ ചെയർമാൻ പി.എച്ച്. കുര്യൻ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.