2022-23 വര്‍ഷത്തെ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി എളവള്ളി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. മികവാര്‍ന്ന തദ്ദേശസ്വയംഭരണ പ്രവര്‍ത്തനങ്ങളോടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച ഗ്രാമപഞ്ചായത്ത് അവാര്‍ഡിന് അര്‍ഹരാവുന്നത്. 2020-21 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് സ്ഥാനവും നേടിയിരുന്നു.
ജില്ലയില്‍ ആദ്യമായി അഞ്ച് സ്മാര്‍ട്ട് അങ്കണവാടികള്‍, 2500 ബയോ ഡൈജസ്റ്റര്‍ പോട്ട് വിതരണം, ഗ്യാസ് ക്രിമിറ്റോറിയം, ആധുനിക ചേമ്പര്‍ നിര്‍മാണം, ഗ്രാമവണ്ടി, ഹരിതകര്‍മ്മ സേന, ഹരിത മിത്രം ഗാര്‍ബേജ് ആപ്പ്, ഇ-ഓട്ടോ, ഇന്ദ്രാം ചിറ ശുദ്ധജല സംരക്ഷണ പദ്ധതി, സമഗ്ര വിദ്യാഭ്യാസ പദ്ധതി, തണ്ണീര്‍ക്കുടം പദ്ധതി, വനിതാ യോഗ പരിശീലനം, പ്ലാവ് ഗ്രാമം പദ്ധതി എന്നീ നൂതന പദ്ധതികളിലെ മികവാര്‍ന്ന പ്രവര്‍ത്തനമാണ് പരിഗണിക്കപ്പെട്ടത്.
മാതൃകാ തെരുവിളക്ക് പരിപാലന പദ്ധതി, സംസ്ഥാനത്തെ മികച്ച അമൃത സരോവര്‍ ഇന്ദ്രാം ചിറ, ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മണച്ചാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആന്‍ഡ് കയാക്കിംഗ്, ഡയപ്പര്‍ ഡിസ്‌ട്രോയര്‍, കോഴി മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്, ബള്‍ക്ക് വാട്ടര്‍ പദ്ധതി, നീതി ടീ സ്റ്റാള്‍, ബഡ്സ് സ്‌കൂള്‍, ദിശാ സൂചകങ്ങള്‍ സ്ഥാപിക്കല്‍, സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഗ്രാമപഞ്ചായത്ത് പരിപൂര്‍ണമായും സി.സി.ടി.വി. നിയന്ത്രണം തുടങ്ങിയവാണ് പഞ്ചായത്തിന്റെ പുതിയ പദ്ധതികള്‍.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ഒറ്റക്കെട്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ വിജയം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു.
ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ എളവള്ളിക്ക് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും പ്രശംസ പത്രവും ഫെബ്രുവരി 19ന് കൊട്ടാരക്കരയില്‍ നടക്കുന്ന തദ്ദേശദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.