പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിൽ പ്രളയബാധിതർക്കായി നിർമ്മിച്ച ഭവന സമുച്ചയം അർഹതപ്പെട്ടവർക്ക് കൈമാറാൻ മന്ത്രിസഭാ യോഗതീരുമാനം. ഉദ്ഘാടനം കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാൽ ഭവന സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിച്ചിരുന്നില്ല. ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ഇടപെടലിനെ തുടർന്ന് അർഹരായ ഭവന രഹിതർക്ക് പ്രളയപ്പുരയിൽ താമസിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായാണ് അന്നത്തെ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ”പ്രളയപ്പുര ” എന്ന പേരിൽ ഭവന സമുച്ചയം പണി തീർത്തത്. അഞ്ചാം വാർഡിലെ കനോലി കനാലിനോട് ചേർന്ന 62 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് റോട്ടറി ക്ലബ്ബിന്റെ സി.എസ്.ആർ. ഫണ്ട് ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം പണിതത്. ഇരുനിലകളിലായി 530 ചതുരശ്ര അടി വീതം 14 വീടുകളാണ് നിർമ്മിച്ചത്. ഇവിടേക്കുള്ള റോഡും, കാന സംരക്ഷണഭിത്തി കെട്ടിയും, വീട്ടിലേക്കുള്ള വൈദ്യുതീകരണം അടക്കമുള്ള പണികളും പൂർത്തീകരിച്ചു.

സെപ്തംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നടത്തിയത്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിച്ച് 2020 സെപ്തംബർ 12ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പ്രളയപ്പുരയുടെ ഉദ്ഘാടനം നിർവഹിക്കുകയും, താക്കോൽ ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. എന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മാത്രമെ ഈ വീട് നൽകാൻ കഴിയു എന്ന നിയമ സ്ഥിതി ഉണ്ടായിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ എണ്ണം ഇവിടെ കുറവായതിനാൽ ചില വീടുകൾ നൽകിയിട്ടും മുഴുവൻ വീടുകളും കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തലംവരെയുള്ള ചർച്ചകൾ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോകുകയായിരുന്നു. തുടർന്നാണ് ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ഇടപെടലിനെ തുടർന്ന് വിഷയത്തിൽ മന്ത്രിസഭ തീരുമാനം. പ്രളയബാധിതരെ കൂടാതെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത പഞ്ചായത്തിലെ അർഹരായ കുടുംബങ്ങളെയും ഭരണ സമിതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും സർക്കാർ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.