ഭവന പദ്ധതിയില്‍ 500 വീടുകള്‍

ഭവന പദ്ധതിയില്‍ 500 വീടുകള്‍ നല്‍കുക, വഴിവിളക്കുകള്‍ സൗരോര്‍ജത്തിലൂടെ പദ്ധതിയ്ക്ക് തുടക്കം കുറിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 30.17 കോടി വരവും 20.75 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കും പ്രത്യേക ഊന്നല്‍ നല്‍കി. കാര്‍ഷിക മേഖലയ്ക്ക് 3.08 കോടി, ഭവന നിര്‍മാണത്തിന് 2.25 കോടി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 4.50 കോടി, വനിത-ശിശുക്ഷേമത്തിന് 20 ലക്ഷം, വൃദ്ധരുടെയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും ഉന്നമനത്തിന് 17 ലക്ഷം എന്നിങ്ങനെ ബജറ്റിലൂടെ വകയിരുത്തിയിട്ടുണ്ട്.

അങ്കണവാടികളുടെ പശ്ചാത്തല സൗകര്യം, പോഷാകാഹാരം എന്നിവയ്ക്ക് 35 ലക്ഷം, ശുചിത്വം, മാലിന്യ സംസ്‌കരണത്തിന് 48 ലക്ഷം, പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 1.58 കോടി, പൊതുജനാരോഗ്യത്തിന് 68 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് വി.ആര്‍ ഭാര്‍ഗവന്‍, സ്ഥിരം സമിതി അധ്യക്ഷര്‍, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി കിഷോര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.