കോട്ടക്കല്‍ നഗരസഭയിലെ രണ്ടാം വാര്‍ഡ്(ചുണ്ട), 14ാം വാര്‍ഡ് (ഈസ്റ്റ് വില്ലൂര്‍), മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (കാച്ചിനിക്കാട് കിഴക്ക്) എന്നീ തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 22ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേദിവസമായ ഫെബ്രുവരി 21നും അവധിയായിരിക്കും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുവാനുളള അനുമതി അതാത് സ്ഥാപന മേധാവികള്‍ നല്‍കണം. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.