സര്‍ക്കാര്‍ ഓഫീസുകളിലും സേവനങ്ങളിലുമുള്ള ഏജന്റുമാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സമിതിയുടെ യോഗത്തിലാണ് തീരുമാനം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച്  പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും.  വിജിലന്‍സ് ബോധവത്ക്കരണ ക്ലാസുകളും  ജില്ലയില്‍ ഊര്‍ജിതമാക്കും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ യോഗത്തില്‍ ലഭിച്ച പരാതികള്‍ വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ്  എം. ഷെഫീക്ക് വിലയിരുത്തി. വിവിധ വിഷയങ്ങളിലായി നാല് പരാതികളാണ് ലഭിച്ചത്. പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യോഗത്തില്‍ വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, ജില്ലാ വിജിലന്‍സ് സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.