തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനതല പട്ടയമേളയുടെ മുന്നൊരുക്കം വിലയിരുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പട്ടയമേളയുടെ സുഗമമായ നടത്തിപ്പ്, ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവ യഥാസമയം പരിശോധിക്കുന്നതിനും കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുന്നതിനുമായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പട്ടയത്തിന്റെ പ്രിന്റിംഗ്, പന്തല്‍, വേദിയുടെ നിര്‍മ്മാണം എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി.

ഫെബ്രുവരി 22 ന് വൈകീട്ട് 3 ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന പട്ടയ മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യു ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന പട്ടയമേള കഴിയുന്നതോടെ സംസ്ഥാനത്ത് 30,000 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളാകും. പട്ടയമേളയില്‍ 7,428 എല്‍.എ പട്ടയങ്ങളും, 18,162 എല്‍.ടി പട്ടയങ്ങളും, 1964 എല്‍.ടി ദേവസ്വം പട്ടയങ്ങളും, 671 വനഭൂമി കൈവശാവകാശ രേഖകളും, 65 ഇതര പട്ടയങ്ങളും വിതരണം ചെയ്യും. തൃശ്ശൂരിലെ സംസ്ഥാനതല പട്ടയമേള ഉദ്ഘാടന ചടങ്ങിനോടൊപ്പംതന്നെ സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഒരേ സമയം പട്ടയങ്ങള്‍ വിതരണം ചെയ്യും.

കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തില്‍ എ.ഡി.എം ടി. മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.