കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ സിറ്റിംഗിൽ ‘ നാല് പരാതികള്‍ പരിഗണിച്ചു. അതില്‍ രണ്ട് പുതിയ പരാതികളാണ്. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസയുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്. ഭൂമി സംബന്ധമായത്, ബാങ്ക് വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികള്‍. കമ്പാറിലെ കെ.പി.മുഹമ്മദ്, കെ.എം.ഹമീദ് എന്നിവരുടെ ഭൂമി സംബന്ധമായ പരാതിയില്‍ തഹസില്‍ദാറിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കുന്ദിക്കാനത്തെ ടി.എ.മാത്യുവിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ലൈഫ് മിഷനില്‍ വീട് അനുവദിച്ചിട്ടും നിലവില്‍ വീട് വെക്കാന്‍ സ്ഥലം ഇല്ലാത്തത് സംബന്ധിച്ച പരാതിയില്‍ പരിശോധിച്ച് പ്രഥമ പരിഗണന നല്‍കണമെന്ന് കമ്മീഷന്‍ ബന്ധപ്പെട്ടവരോട് കഴിഞ്ഞ സിറ്റിംഗില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ പുരോഗതി ഇല്ലാത്തതിൽ കമ്മീഷന്‍ അതൃപ്തി അറിയിച്ചു. അടുത്ത സിറ്റിംഗില്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കർശന നിർദ്ദേശം നല്‍കി. പൈറടുക്കത്തെ സാഹിദയുടെ പരാതിയിൽ മകന് സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി മറുപടി നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

മറ്റു ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ജില്ലയില്‍ പരാതികള്‍ കുറവാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസ പറഞ്ഞു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് ആര്‍.സി.രാഖി സംബന്ധിച്ചു.