എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. പാടശേഖരങ്ങളിലേക്ക് കനാല്‍ മുഖാന്തിരം ജലം നല്‍കുന്നത് പോലെ നാണ്യ വിളകള്‍, പച്ചക്കറികള്‍ തുടങ്ങിയ കൃഷികളും പ്രോത്സാഹിപ്പിക്കാനുള്ള മൈക്രോ ഇറിഗേഷന്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വഴി 148 ഹെക്ടര്‍ കൃഷി സ്ഥലത്തേക്ക് വെള്ളം എത്തിക്കാന്‍ കഴിഞ്ഞു. ഉപ്പുവെള്ളം തടയാന്‍ നാല് സ്ലൂയിസുകളും നിര്‍മിച്ചിട്ടുണ്ട്. രണ്ടുകോടി 55 ലക്ഷം രൂപയാണ് സാങ്കേതികാനുമതി ലഭിച്ചത്. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ നടപ്പാക്കി എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എടത്തിരുത്തി പഞ്ചായത്തിലെ പൈനൂര്‍ പ്രദേശത്തെ 148 ഹെക്ടര്‍ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. പൈനൂര്‍ കായലില്‍ നിന്നും മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നതിനും ഉപ്പ് വെള്ളം തടയുന്നതിനും ജല സംരക്ഷണത്തിനായി സ്ലൂയിസുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1995 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി ഭൂമി വിട്ടുകിട്ടാന്‍ കാലതാമസം നേരിട്ടതിനാല്‍ വൈകുകയായിരുന്നു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യുടെ ഇടപെടലിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. പമ്പ് ഹൗസ് പുനരുദ്ധാരണം, പമ്പ് ഹൗസിലേക്കുള്ള ബണ്ട് റോഡ് നിര്‍മാണം, മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കലും പൈപ്പിടുന്ന പ്രവര്‍ത്തികളും കനാല്‍ ട്രഫ് നിര്‍മാണവും പൂര്‍ത്തീകരിച്ചു.

പൈനൂര്‍ പൂക്കോട്ട് ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷനായി. പദ്ധതിക്കായി സൗജന്യമായി ഭൂമി വിട്ടുനല്‍കിയ ഭൂവുടമകളെ ആദരിച്ചു. എറണാകുളം മൈനര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സി.വി സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ് ജയ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രന്‍, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.നിഖില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.നിഖില്‍, വാര്‍ഡ് മെമ്പര്‍ പി.എച്ച്.ബാബു, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.അജയകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജിഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.