നടത്തറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട അയ്യരുകുന്ന് നീലാഞ്ജനം റോഡ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 6.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുമ്പോഴും സമസ്ത മേഖലകളിലുമുള്ള വികസനങ്ങള്‍ മുടങ്ങാതെ മുന്‍പോട്ട് പോകാന്‍ പ്രതിജ്ഞാബദ്ധമായ ഇടപെടല്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മികച്ചതും ശ്രദ്ധേയവുമായ ഗ്രാമപഞ്ചായത്ത് ഓഫീസാക്കി നടത്തറ ഓഫീസിനെ മാറ്റാന്‍ നാല് കോടി രൂപ ബജറ്റില്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

200 മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഗ്രാമീണ റോഡാണ് അയ്യരുകുന്ന് നീലാഞ്ജനം. മുന്‍ വാര്‍ഡ് മെമ്പര്‍ ഷീന ഷാജി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രജേഷ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ രജിത്ത്, പഞ്ചായത്തംഗങ്ങളായ കെ ജെ ജയന്‍, ജിനിത സുഭാഷ്, ബിന്ദു സുരേഷ്, ടി എസ് ബിജു, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.