കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (ഐ.ക്യു.എ.സി.), ഗവേഷണ ഡയറക്ടറേറ്റിന്റെയും പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുത്തന്‍ അറിവുകള്‍ സ്വയം വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ക്ലാസ് മുറിക്കകത്തും പുറത്തും ഉണ്ടാകണം. വിദ്യാഭ്യാസം വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടിലൂടെ ആയാല്‍ മാത്രമേ സര്‍ഗാത്മക സാഹചര്യങ്ങളുണ്ടാകൂ. പുതിയ ബിരുദ പഠനരീതി അതിന് സഹായിക്കും. ഇതിനായി മെയ് അവസാനത്തോടെ സര്‍വകലാശാലാ-കോളേജ് അധ്യാപകര്‍ക്ക് പുതിയ പാഠ്യപദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിനായി സ്‌കില്‍ കോഴ്‌സുകള്‍ക്ക് ക്രെഡിറ്റ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ നിയമാവലി ആദ്യം തയ്യാറാക്കിയതിനും എം.എസ്. സ്വാമിനാഥന്റെ പേരില്‍ ചെയര്‍ തുടങ്ങാന്‍ തീരുമാനിച്ചതിലും കാലിക്കറ്റ് സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ. മുഖ്യാതിഥിയായി. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, അഡ്വ. എൽ.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. റിച്ചാർഡ് സ്കറിയ, ഐ.ക്യൂ.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, സെനറ്റ് അംഗങ്ങളായ ഡോ. കെ. മുഹമ്മദ് ഹനീഫ, വി.എസ്. നിഖിൽ, ഡി.എസ്.യു. ചെയർമാൻ കെ. ജ്യോബിഷ് എന്നിവർ പങ്കെടുത്തു.
സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്തി അംഗീകാരം നേടിയവർക്ക് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് മെറിറ്റോറിയസ് അവാർഡ് വിതരണം ചെയ്തു.

അവാർഡ് ജേതാക്കൾ: ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്(ഹിന്ദി പഠന വിഭാഗം), ഡോ. സന്തോഷ് നമ്പി (ബോട്ടണി പഠന വിഭാഗം), കെ.ആർ. അനീഷ് (ഇ.എം.എം.ആർ.സി. ഗ്രാഫിക് ആർട്ടിസ്റ്റ്), സജീദ് നടുത്തൊടി (ഇ.എം.എം.ആർ.സി. പ്രൊഡ്യൂസർ), വിഷ്ണു മോഹൻ (ഗവേഷണ വിദ്യാർഥി, ബോട്ടണി), എ.കെ. ഷീബ (ഗവേഷണ വിദ്യാർഥി, കെമിസ്ട്രി), രോഹിണി ഹരിദാസ് (ബോട്ടണി), കെ.എസ് തസ്‌നി മറിയം (ഇക്കണോമിക്സ്), സയോനോറ സൈമൺ (ഇക്കണോമിക്സ്), പി. ഫെമിന (ഇംഗ്ലീഷ്), കെ. ജുമ്ന (ഹിന്ദി), പി.കെ. അതുൽ കൃഷ്ണ (ഫോക്‌ലോർ), കെ. അർജുൻ (സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ).