ഭവന നിർമ്മാണത്തിനായി ഏറ്റവുമധികം തുക നൽകുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ നാല് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്. ആദിവാസി സങ്കേതങ്ങളിൽ ഇത് ആറ് ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ -ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള പ്രശംസാപത്ര കൈമാറ്റവും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ 660, എറണാകുളം – 265, കാസർഗോഡ് – 75 ഗുണഭോക്താക്കൾക്കാണ് ലൈഫ് മിഷൻ ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പദ്ധതി പൂർത്തിയാക്കിയത്.
2017-24 വരെ ഭവന പദ്ധതിക്കായി സംസ്ഥാനം ചെലവഴിച്ചത് 17,104 കോടി രൂപയാണ്. ഇതിൽ 15,000 കോടി രൂപയും സംസ്ഥാനത്തിന്റെ വിഹിതമാണ്. ബാക്കിവരുന്ന 2000 കോടിയിൽ പരം രൂപയാണ് കേന്ദ്ര വിഹിതം. സംസ്ഥാനത്ത് ഇതുവരെ ലൈഫ് മിഷൻ വഴി 4,94,000 പേർക്ക് ധനസഹായം വിതരണം ചെയ്തു. 3,75,000 ആളുകൾ വീട് നിർമ്മാണം പൂർത്തിയാക്കി താമസമാക്കിയെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ രണ്ട് വിഭാഗക്കാരാണുള്ളത്. ഭൂമിയുണ്ടായിട്ടും വീട് വയ്ക്കാൻ നിർവാഹമില്ലാത്തവരും ഭൂമിയും വീടും ഇല്ലാത്തവരും. ഇതിൽ മൂന്ന് ലക്ഷത്തിലധികം പേർ ഭൂരഹിത, ഭവനരഹിത വിഭാഗത്തിൽപെടുന്നവരാണ്. ഇവർക്ക് ഭൂമി ലഭ്യമാക്കുക എളുപ്പമായിരുന്നില്ല. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി ആവിഷ്കരിച്ചതിലൂടെ ഭൂമി കണ്ടെത്തി നൽകാൻ സുമനസ്സുകൾ മുന്നോട്ടുവന്നു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പോലുള്ള സുമനസ്സുകളുടെ സംഭാവന ഏറെ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. 1000 പേർക്ക് ഭൂമി വാങ്ങി നൽകുന്നതിനായി 2.5 ലക്ഷം രൂപ വീതം 25 കോടി രൂപയാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ നൽകിയത്. ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ചിറ്റിലപ്പിളളി ഫൗണ്ടേഷന്റെ ഭാഗത്തുനിന്നാണ്. ലൈഫ് മിഷൻ -ചിറ്റിലപ്പിള്ളി ഭവന നിർമ്മാണ പദ്ധതി മാതൃകാ പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. എ.എം. ആരിഫ് എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സജിത സതീശൻ, പി.ജി. സൈറസ്, എ.എസ്. സുദർശനൻ, സജിത സതീശൻ, ജില്ല പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തംഗം അജിത ശശി, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ജേക്കബ് കുരുവിള, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബ, ഡെപ്യൂട്ടി സി.ഇ.ഒ. അൻവർ ഹുസൈൻ, ലൈഫ് മിഷൻ ജില്ല കോഡിനേറ്റർ പൊൻസിനി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ 660 ഗുണഭോക്താക്കൾ
ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 1,000 ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്നതിന് ഒരു ഗുണഭോക്താവിന് പരമാവധി 2.5 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതിനാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ 660 ഗുണഭോക്താക്കൾക്കും എറണാകുളം ജില്ലയിൽ 265 ഗുണഭോക്താക്കൾക്കും കാസർഗോഡ് ജില്ലയിലെ 75 ഗുണഭോക്താക്കൾക്കും ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഇവയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള സർക്കാരിൻ്റെ പ്രശംസാപ്രത കൈമാറ്റവുമാണ് മന്ത്രി നിർവ്വഹിച്ചത്.
ജില്ലയിൽ 660 ഗുണഭോക്താക്കൾക്കാണ് ചെക്ക് കൈമാറിയിട്ടുള്ളത്. 549 രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചു. 301 ഗുണഭോക്താക്കളുമായി
കരാർ വെച്ചു. ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി.