ചെറുവണ്ണൂർ കൃഷിഭവനും മുയിപ്പോത്തെ കൂട്ട് അയൽപക്ക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. നാല് സംഘങ്ങളായി മുയിപ്പോത്ത് പടിഞ്ഞാറേക്കര ഭാഗത്തെ അഞ്ച് ഏക്കർ വയലിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇളവന താഴെ വയലിൽ നടന്ന വിത്ത് നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. ടി. ഷിജിത്ത് നിർവഹിച്ചു.

അയൽപക്ക വേദി പ്രസിഡന്റ്‌ പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. റിട്ടയേർഡ് സീനിയർ കൃഷി അസിസ്റ്റൻ്റ് ഇ. പി. കുഞ്ഞബ്ദുള്ള കൃഷിയറിവുകൾ പകർന്നു നൽകി. അയൽപക്ക വേദി കുടുംബങ്ങൾ പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി എൻ. മനോജ്‌കുമാർ സ്വാഗതവും വി. നിഷാന്ത് നന്ദിയും പറഞ്ഞു.

പാവൽ, വെള്ളരി, മത്തൻ, ഇളവൻ, പച്ചമുളക്, പടവലം, തണ്ണിമത്തൻ, ചീര, പയർ,വെണ്ട,കണിവെള്ളരി, മധുരക്കിഴങ്ങ്, തക്കാളി എന്നീ
പച്ചക്കറി വിളകളാണ് തരിശ് നിലത്തും കൊയ്ത്ത് കഴിഞ്ഞ നെൽ പാടത്തുമായി വിതച്ചത്. ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ പച്ചക്കറി കൃഷിക്ക് പ്രവാസി കർഷകർ, വിരമിച്ച ഉദ്യോഗസ്ഥർ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തവുമുണ്ട്.

കൂട്ടു കൂട്ടായ്മയിലെ എല്ലാവരും സംയുക്തമായാണ് കളകൾ നീക്കം ചെയ്ത് തടമെടുത്തും, കൂന കൂട്ടി കുമ്മായം ഇട്ട് നിലമുരുക്കിയതും. ചാണകപ്പൊടിയും എല്ലുപൊടിയും വേപ്പും പിണ്ണാക്കും കൂട്ടിയെടുത്ത് അടിവളമൊരുക്കിയാണ് വിത്തുപാകിയത്. പൂർണ്ണമായും ജൈവകൃഷി മാർഗ്ഗങ്ങൾ അവലംബിച്ചാണ് കൃഷി.