കേരളത്തിൽ തന്നെ സ്കൂളുകളിൽ അപൂർവവും നൂതനവുമായ ക്ലാസ് റൂം ഇന്ററാക്റ്റീവ് പാനലുകളും (ടച്ച് & ടീച്ച്) ഡിജിറ്റൽ സ്റ്റുഡിയോയും നടപ്പിലാക്കി നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ.
ബഹുമുഖ ഇടപെടലുകളിലൂടെയുള്ള വിദ്യാലയ വികസനം എന്ന നൂതന ആശയം ആവിഷ്ക്കരിച്ച് നടപ്പാക്കി പൊതുവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് മാതൃക സൃഷ്ടിച്ച പ്രിസം പദ്ധതിയുടെ ഭാഗമായാണ് രണ്ടു പദ്ധതികളും നടപ്പിലാക്കിയത്.
ടച്ച് ആന്റ് ടീച്ച് പദ്ധതിയുടെ ഭാഗമായി 22 ക്ലാസ്സ് മുറികളിൽ എൽ.ഇ.ഡി ഇന്ററാക്ടീവ് പാനലുകൾ സ്ഥാപിച്ച് ക്ലാസ്സ് മുറികളിലെ ടീച്ചിംഗ്-ലേണിംഗ് പ്രോസസ്സിന് അനന്ത സാധ്യതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഡിയോ വീഡിയോ എഡിറ്റിംഗ് സ്റ്റുഡിയോ കേരളത്തിലെ സ്കൂളുകളിൽ അപൂർവവും ഏറ്റവും ആധുനികവുമാണ്. കോഴിക്കോട് നോർത്ത് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
രണ്ടു പദ്ധതികളും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി രേഖ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എയും പ്രിസം സ്ഥാപകനുമായ എ പ്രദീപ് കുമാർ മുഖ്യാതിഥിയായി.
കൗൺസിലർമാരായ അൽഫോൻസ, അഡ്വ. സി എം ജംഷീർ, ഫൈസൽ ആൻ്റ് ഷബാന ഫൗണ്ടേഷൻ ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, ഡി.ഇ.ഒ ഷാദിയ ബാനു, പി.ടി.എ പ്രസിഡന്റ് എൻ മുനീർ, കോഴിക്കോട് നോർത്ത് മണ്ഡലം പ്രിസം കോർഡിനേറ്റർ ജലൂഷ് കെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സചിത്രൻ സ്വാഗതവും ഹെഡ്മാസ്റ്റർ ഗഫൂർ കരുവന്നൂർ നന്ദിയും പറഞ്ഞു.