ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായുള്ള അംഗന്‍ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആഗോള താപനം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ 2050 ല്‍ സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനായി ആവിഷ്‌കരിച്ച നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് അംഗന്‍ജ്യോതി. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും ഊര്‍ജകാര്യക്ഷമത ഉപകരണമായ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വിതരണം നടത്തി.

ഊര്‍ജ സംരക്ഷണത്തെ പറ്റി ബോധവാന്മാരായ പുതുതലമുറയെ സൃഷ്ടിക്കുന്നതില്‍ അംഗന്‍ജ്യോതി പദ്ധതിക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സീറോ കാര്‍ബണ്‍ എന്ന വലിയ ലക്ഷ്യത്തിനൊപ്പം വരും തലമുറയ്ക്ക് ഉപയുക്തമാകുന്ന ആശയത്തെ ചെറുപ്രായത്തില്‍ തന്നെ നേരില്‍ കണ്ട് ബോധ്യമാകാന്‍ അംഗനവാടികളിലൂടെ കുട്ടികള്‍ക്ക് സാധ്യമാകും. അംഗന്‍വാടികളില്‍ പൂര്‍ണമായ സോളാര്‍ സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയും ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ മാടക്കത്തറ, വരന്തരപ്പിള്ളി, വല്ലച്ചിറ, കുഴൂര്‍, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹരിതകേരളം മിഷന്‍ എനര്‍ജി മാനേജെ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സംസ്ഥാനത്തെ 3315 അങ്കണവാടികളില്‍ ഊര്‍ജ സ്വയംപര്യാപ്തത കൊണ്ടുവരുന്നതിനും, ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അംഗന്‍ജ്യോതി. എല്‍പിജി / വിറക് എന്നിവയാണ് ഇന്ധനമായി മിക്ക അംഗന്‍വാടികളിലും പാചകത്തിന് ഉപയോഗിക്കുന്നത്. ഇതിനു ബദലായി കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്തതും, വേഗത്തിലുള്ള പാചകം ഉറപ്പുവരുത്തുന്നതിനും വൈദ്യുത ഊര്‍ജം വഴി പ്രവര്‍ത്തിക്കുന്ന വൈദ്യുത ഇന്‍ഡക്ഷന്‍ അടുപ്പുകളും, അനുബന്ധ പാത്രങ്ങള്‍, ചൂടാറാപ്പെട്ടി, ഊര്‍ജക്ഷമത കൂടിയ ലൈറ്റുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥിയായി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കോഡിനേറ്റര്‍ ഡോ. വിമല്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോഡിനേറ്റര്‍ സി ദിദിക പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സാവിത്രി രാമചന്ദ്രന്‍, കെ പി പ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയ്മി ജോര്‍ജ്, പി എച്ച് നജീബ്, സോഫി സോജന്‍, ടി കെ മിഥുന്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകല, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.