ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം, കടുത്തുരുത്തി മണ്ഡലത്തിലെ അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.
കോവിഡ് അടക്കമുള്ള പകർച്ചവ്യാധി ബാധിതർക്ക് കിടത്തിച്ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കുകയാണ് ഐസൊലേഷൻ വാർഡുകളുടെ ലക്ഷ്യം. 10 ഐ.സി.യു. കിടക്കകൾ, ഓക്‌സിജൻ ലഭ്യമാക്കാനുള്ള ഉപകരണങ്ങൾ, ഡോക്ടർമാർക്കുള്ള മുറികൾ, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, ഫാർമസി എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തര ചികിത്സയ്ക്കും ഉപയോഗിക്കും.കിഫ്ബി ഫണ്ടും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള തുകയും ചേർന്ന് 1.80 കോടി രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി ഐസൊലേഷൻ വാർഡിന്റെ നിർമാണം പൂർത്തീകരിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന യോഗം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലതാ ഷാജൻ, പി.എം. ജോൺ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ: ജെസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണൻ, ചിറക്കടവ് പഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ കെ. മൊയ്തീൻ, വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അറുന്നൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ കിഫ്ബി ഫണ്ടും അഡ്വ. മോൻസ്് ജോസഫ് എം.എൽ.എയുടെ ഫണ്ടും ചേർത്ത് 1.76 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷൻ വാർഡ് നിർമിച്ചിരിക്കുന്നത്. അറുന്നൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. വാസുദേവൻ നായർ, ശ്രീകല ദിലീപ്, എൻ.ബി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു എന്നിവർ പങ്കെടുത്തു.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.3 കോടി രൂപ ചെലവിലാണ് ഐസൊലേഷൻ വാർഡ് നിർമിച്ചത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കിഫ്ബി ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ചാണ് വാർഡിന്റെ നിർമാണം. കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.