ഭൂമി തരം മാറ്റം വളരെ സിമ്പിളാണ് എന്ന് പറഞ്ഞുകൊണ്ട് വളരെ സന്തോഷത്തിലാണ് പട്ടിമറ്റം വില്ലേജില്‍ പാറയില്‍ വീട്ടില്‍ പി പി മൊയ്തീന്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല അദാലത്തില്‍ നിന്നും മടങ്ങിയത്.

2023 ഡിസംബര്‍ മാസത്തിലാണ് മൊയ്തീന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലം കരഭൂമിയായി മാറ്റി ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച ശേഷം വില്ലേജ് ഓഫീസില്‍ നിന്ന് വിളിക്കുകയും വില്ലേജ് അസിസ്റ്റന്റ് വന്ന് സ്ഥലം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഭൂമി തരം മാറ്റത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ അനുകൂല ഉത്തരവ് ലഭിച്ചതായി മെസ്സേജ് വരികയും ചെയ്തു. ഭൂമി തരം മാറ്റം അപേക്ഷയുടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ ആയതുകൊണ്ടും അപേക്ഷയുടെ ഓരോ ഘട്ടവും മൊബൈലില്‍ എസ്എംഎസ് വഴി ലഭിക്കുന്നതുകൊണ്ടും ഇപ്പോള്‍ കാര്യങ്ങളെല്ലാം വളരെ സിമ്പിള്‍ ആണെന്ന് മൊയ്തീന്‍ പറഞ്ഞു.

2011 ലാണ് പട്ടിമറ്റം വില്ലേജില്‍ എട്ട് സെന്റ് സ്ഥലം മൊയ്തീന്‍ വാങ്ങുന്നത്. ഇവിടെ വീട് പണിയുന്നതിനാണ് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്.